ലണ്ടൻ : 79-ാമത് ബാഫ്റ്റ അവാർഡ് വേദിയിൽ ഹോളിവുഡ് നടന്മാരായ മൈക്കൽ ബി. ജോർദാൻ, ഡെലോറി ലിൻഡോ എന്നിവർക്കെതിരെ വംശീയാധിക്ഷേപം ഉണ്ടായ സംഭവത്തിൽ സംഘാടകർ മാപ്പ് പറഞ്ഞു. പുരസ്കാരം സമ്മാനിക്കാനായി താരങ്ങൾ വേദിയിലെത്തിയപ്പോൾ സദസ്സിലിരുന്ന ജോൺ ഡേവിഡ്സൺ എന്ന വ്യക്തി എൻ-വേഡ് (N-word) ഉപയോഗിച്ച് അധിക്ഷേപിക്കുകയായിരുന്നു. ടൂററ്റ് സിൻഡ്രോം (Tourette syndrome) എന്ന രോഗാവസ്ഥയുള്ള വ്യക്തിയാണ് ജോൺ.
രോഗാവസ്ഥ കാരണം വാക്കുകൾ സ്വയം നിയന്ത്രിക്കാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു പദപ്രയോഗം ഉണ്ടായതെന്ന് ബാഫ്റ്റ വിശദീകരിച്ചു. എങ്കിലും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അധികൃതർ താരങ്ങളോട് നിരുപാധികം ക്ഷമ ചോദിച്ചു. അധിക്ഷേപത്തിന് പിന്നാലെ ജോൺ സ്വയം ഓഡിറ്റോറിയം വിട്ടുപോയതായും പ്രസ്താവനയിൽ വ്യക്തമാക്കി.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. തത്സമയ സംപ്രേഷണമല്ലാതിരുന്നിട്ടും വിവാദ ഭാഗം നീക്കം ചെയ്യാതെ സംപ്രേഷണം ചെയ്തതിന് ബിബിസിക്കെതിരെയും രൂക്ഷവിമർശനമുയർന്നു.
