ഓട്ടവ: കാനഡയുടെ ഭരണത്തലപ്പത്തെത്തിയ ആദ്യ വർഷം തന്നെ വിദേശയാത്രകളുടെ കാര്യത്തിൽ മുൻഗാമികളെ കടത്തിവെട്ടിയിരിക്കുകയാണ് പ്രധാനമന്ത്രി മാർക്ക് കാർണി. ജസ്റ്റിൻ ട്രൂഡോയെയും സ്റ്റീഫൻ ഹാർപ്പറെയും അപേക്ഷിച്ച് ഏറ്റവും കൂടുതൽ കാലം വിദേശത്ത് ചെലവഴിച്ച പ്രധാനമന്ത്രി എന്ന പേരാണ് ‘ഗ്ലോബൽ ന്യൂസ്’ പുറത്തുവിട്ട കണക്കുകൾ പ്രകാരം കാർണിക്ക് ലഭിച്ചിരിക്കുന്നത്. തന്റെ ആദ്യ വർഷത്തിൽ 68 ദിവസമാണ് കാർണി വിദേശത്ത് ചെലവിട്ടത്. അതായത് ഭരണകാലയളവിന്റെ ഏകദേശം 20 ശതമാനം സമയം. ഇതേ കാലയളവിൽ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 34 ദിവസവും, സ്റ്റീഫൻ ഹാർപ്പർ 54 ദിവസവുമാണ് വിദേശയാത്രകൾ നടത്തിയത്.

വ്യാപാരത്തിനായി അമേരിക്കയെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി, കാനഡയുടെ വിപണി ലോകമെമ്പാടും വ്യാപിപ്പിക്കാനാണ് തന്റെ യാത്രകളെന്ന് കാർണി വ്യക്തമാക്കുന്നു. ലണ്ടൻ, പാരിസ്, ബീജിങ്, ദോഹ, ജക്കാർത്ത തുടങ്ങി പ്രമുഖ നഗരങ്ങൾ സന്ദർശിച്ചു കഴിഞ്ഞ അദ്ദേഹം ഉടൻ തന്നെ ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളും സന്ദർശിക്കും. ചൈനീസ് സന്ദർശനത്തിന് പിന്നാലെ കാനഡയുടെ കനോല ഉൽപ്പന്നങ്ങൾക്ക് മേൽ ചൈന ഏർപ്പെടുത്തിയിരുന്ന നികുതി പിൻവലിച്ചു.യു.എ.ഇ സന്ദർശനത്തെ തുടർന്ന് കാനഡയിൽ 70000 കോടി ഡോളറിന്റെ വമ്പൻ നിക്ഷേപം നടത്താൻ ധാരണയായി.ഇന്തോനേഷ്യയുമായുള്ള ചർച്ചകളെ തുടർന്ന് കനേഡിയൻ ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കാൻ തീരുമാനമായി.
എന്നാൽ ഈ യാത്രകൾ വെറും ‘പണമൊഴുക്ക്’ മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സാധാരണക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് വിദേശത്ത് പോയി ഫോട്ടോ എടുക്കാനാണ് പ്രധാനമന്ത്രിക്ക് താൽപ്പര്യമെന്ന് അവർ പരിഹസിക്കുന്നു. യാത്രകൾക്ക് ശേഷവും പല രാജ്യങ്ങളും കാനഡയ്ക്ക് മേൽ ഉയർന്ന നികുതി ചുമത്തുന്നത് അവർ ചൂണ്ടിക്കാട്ടുന്നു.റോയൽ കാനഡ എയർഫോഴ്സ് വിമാനത്തിലാണ് യാത്രയെങ്കിലും, ഇത്രയധികം വിദേശ പര്യടനങ്ങൾ കൊണ്ട് രാജ്യത്തിന് യഥാർത്ഥത്തിൽ എന്ത് ഗുണമുണ്ടെന്ന് തെളിവ് സഹിതം വ്യക്തമാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു. എങ്കിലും, നേരിട്ടുള്ള നയതന്ത്ര ചർച്ചകൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണെന്ന ഉറച്ച നിലപാടിലാണ് മാർക്ക് കാർണി.
