Wednesday, February 25, 2026

അശ്ലീല ഉള്ളടക്കം: 5 ഒടിടി പ്ലാറ്റ്‌ഫോമുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് അശ്ലീല ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്ത അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു. കേന്ദ്ര ഡിജിറ്റൽ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മൂഡ്‌എക്‌സ്‌വിഐപി, ജുഗ്‌നുഷ, കോയൽ പ്ലേപ്രോ, ഡിജി മൂവിപ്ലെക്‌സ്, ഫീൽ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളാണ്‌ നിരോധിച്ചത്‌. ഐടി ആക്ട് 2000-ലെ സെക്ഷൻ 69A പ്രകാരമാണ് കേന്ദ്ര സർക്കാർ ഈ പ്ലാറ്റ്‌ഫോമുകളെ നിരോധിച്ചത്‌. ഈ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ലഭ്യമായിരുന്ന ഉള്ളടക്കങ്ങൾ പൊതു മര്യാദകൾ ലംഘിക്കുന്നതും അശ്ലീലത നിറഞ്ഞതുമാണെന്ന് മന്ത്രാലയം കണ്ടെത്തി. ഇന്റർനെറ്റ് സേവന ദാതാക്കളോട് ഈ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്സസ് ഉടനടി റദ്ദാക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് ലംഘിച്ചതിനാണ് നടപടി. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും അശ്ലീല ചുവയുള്ളതുമായ ദൃശ്യങ്ങൾ ഈ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ജൂലൈയിൽ അശ്ലീല ഉള്ളടക്കം നൽകിയതിന് ഉല്ലു, ആൾട്ട് ബാലാജി ഉൾപ്പെടെയുള്ള 25 ഓളം ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ സർക്കാർ നടപടിയെടുത്തിരുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ധാർമ്മിക മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുക, കുട്ടികൾക്കും യുവാക്കൾക്കും ദോഷകരമാകുന്ന ഉള്ളടക്കങ്ങൾ നിയന്ത്രിക്കുക എന്നിവയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം എന്നിവയുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. നിയമവിരുദ്ധമായ ഇത്തരം ഉള്ളടക്കങ്ങൾ തുടർന്നും നിരീക്ഷിക്കുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!