തിരുവനന്തപുരം : രാജ്യത്ത് മസ്തിഷ്കാഘാതം (സ്ട്രോക്ക്) ബാധിക്കുന്നവരിൽ ഏഴിലൊരാൾ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പുതിയ പഠന റിപ്പോർട്ട്. സ്ട്രോക്ക് പ്രായമായവരിലെ മാത്രം രോഗമാണെന്ന ധാരണ തിരുത്തുന്നതാണ് ഇന്റർനാഷണൽ ജേണൽ ഓഫ് സ്‌ട്രോക്കിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തലുകൾ. പഠനവിധേയമാക്കിയ കേസുകളിൽ 13.8 ശതമാനം പേരും യുവാക്കളാണെന്നും ഇതിൽ 63.4 ശതമാനവും പുരുഷന്മാരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അമിത രക്തസമ്മർദ്ദമാണ് സ്ട്രോക്കിനുള്ള പ്രധാന കാരണമായി കണ്ടെത്തിയത്. കൂടാതെ പ്രമേഹം, പുകവലി, മദ്യപാനം എന്നിവയും യുവാക്കളിൽ സ്ട്രോക്ക് സാധ്യത വർധിപ്പിക്കുന്നു.

രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടാത്തത് മരണത്തിനും ആജീവനാന്ത വൈകല്യങ്ങൾക്കും കാരണമാകുന്നതായി പഠനം മുന്നറിയിപ്പ് നൽകുന്നു. സ്ട്രോക്ക് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ആദ്യത്തെ രണ്ട് മുതൽ മൂന്ന് മണിക്കൂറിനുള്ളിൽ ചികിത്സ ലഭ്യമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ‘സുവർണ്ണ മണിക്കൂർ’ എന്നറിയപ്പെടുന്ന ഈ സമയത്ത് ചികിത്സ ലഭിച്ചാൽ മസ്തിഷ്കാഘാതത്തിന്റെ ആഘാതം ലഘൂകരിക്കാൻ സാധിക്കും. എന്നാൽ ഇന്ത്യയിൽ 20 ശതമാനം ആളുകൾ മാത്രമാണ് ആദ്യ മണിക്കൂറിൽ ആശുപത്രിയിലെത്തുന്നത്. അഞ്ചിൽ രണ്ടുപേരും 24 മണിക്കൂറിന് ശേഷം മാത്രം ചികിത്സ തേടുന്നത് ആശങ്കാജനകമാണെന്ന് പഠനം വിലയിരുത്തുന്നു.
