ടൊറൻ്റോ : ആൽബർട്ട ക്ലിപ്പർ ന്യൂനമർദ്ദത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രിയിൽ ടൊറൻ്റോയിൽ കനത്ത മഞ്ഞുവീഴ്ചയും അതിശൈത്യവും അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ അറിയിച്ചു. നഗരത്തിൽ അഞ്ച് മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ആൽബർട്ട ക്ലിപ്പറുമായി ബന്ധപ്പെട്ട മഞ്ഞ് ഇന്ന് വൈകുന്നേരവും ഇന്ന് രാത്രിയും പ്രദേശത്തുടനീളം വ്യാപിക്കും. ഓക്ക് റിഡ്ജസ് മൊറൈനിലാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നത്, ദേശീയ കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെ മഞ്ഞുവീഴ്ച കുറയും.

കനത്ത മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ വിസിബിലിറ്റി കുറയുന്നത് ഗതാഗതക്കുരുക്കിന് കാരണമാകും. കൂടാതെ മഞ്ഞു അടിഞ്ഞുകൂടുന്നതിനാൽ റോഡുകളിലും നടപ്പാതകളിലും സഞ്ചരിക്കുന്നത് ദുഷ്കരമായിരിക്കും. അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി മൈനസ് 6 ഡിഗ്രി സെൽഷ്യസാണ് താപനില. എന്നാൽ, കാറ്റിനൊപ്പം മൈനസ് 15 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് അനുഭവപ്പെടും. ബുധനാഴ്ചയും വ്യാഴാഴ്ചയും യഥാക്രമം 1 ഡിഗ്രി സെൽഷ്യസും 0 ഡിഗ്രി സെൽഷ്യസുമായിരിക്കും താപനില. വെള്ളിയാഴ്ചയും ശനിയാഴ്ചയും താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വെള്ളിയാഴ്ച 4 ഡിഗ്രി സെൽഷ്യസും ശനിയാഴ്ച 7 ഡിഗ്രി സെൽഷ്യസുമായിരിക്കും താപനില അനുഭവപ്പെടുക. എന്നാൽ, ഞായറാഴ്ചയും തിങ്കളാഴ്ചയും വീണ്ടും ശൈത്യകാലാവസ്ഥയിലേക്ക് മാറും. പകൽ സമയത്ത് ഉയർന്ന താപനിലമൈനസ് 5 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
