വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ആഗോള ഇറക്കുമതി നികുതികൾ നിലവിൽ വന്നു. പ്രതീക്ഷിച്ചതിലും കുറഞ്ഞ് 10% നിരക്കിലാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. നിരക്ക് 15% ആയിരിക്കുമെന്ന് നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഔദ്യോഗിക രേഖകളിൽ 10% എന്നാണ് രേഖപ്പെടുത്തി യിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ട്രംപിന്റെ പല ഇറക്കുമതി നികുതി നിയമങ്ങളും രൂക്ഷമായ വിമർശനത്തോടെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനെ മറികടക്കാനാണ് 1974-ലെ ട്രേഡ് ആക്ട് (Section 122) കൂട്ടുപിടിച്ച് ട്രംപ് പുതിയ നികുതി ഏർപ്പെടുത്തിയത്. ഇത് 150 ദിവസത്തേക്ക് കോൺഗ്രസിന്റെ അനുമതിയില്ലാതെ നടപ്പിലാക്കാം. അതേ സമയം നികുതി 15% ആക്കുമെന്ന് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നെങ്കിലും നിലവിൽ 10% മാത്രമേ നടപ്പിലായിട്ടുള്ളൂ. ഇത് വൈറ്റ് ഹൗസ് വൃത്തങ്ങൾക്കിടയിൽ ആശയക്കുഴപ്പ മുണ്ടാക്കിയിട്ടുണ്ട്. നിരക്ക് പുതുക്കാനുള്ള നടപടികൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

അമേരിക്കയുടെ വ്യാപാരക്കമ്മി കുറയ്ക്കാനാണ് ഈ നീക്കമെന്ന് ട്രംപ് വാദിക്കുമ്പോഴും കഴിഞ്ഞ വർഷം കമ്മി 1.2 ട്രില്യൺ ഡോളറായി വർധിച്ചിരുന്നു. ട്രംപിന്റെ ഈ നീക്കം ഒരു വലിയ വ്യാപാര യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ. നിരക്ക് വർധനയ്‌ക്ക് പിന്നാലെ യൂറോപ്യൻ യൂണിയൻ (EU)അമേരിക്കയുമായുള്ള പുതിയ കരാറുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ട്രംപ് കഴിഞ്ഞ വർഷം നടപ്പിലാക്കിയ പല നികുതികളും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെ, ആഗോള കമ്പനിയായ ഫെഡെക്സ് (FedEx) തങ്ങൾ അടച്ച നികുതി മുഴുവൻ തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഏകദേശം 11.8 ലക്ഷം കോടി ഇത്തരത്തിൽ നികുതിയായി പിരിച്ചെടുത്തിട്ടുണ്ട്. ഇത് തിരിച്ചു നൽകുമോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല.
