വൻകൂവർ : ടംബ്ലർ റിഡ്ജ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഓപ്പൺ എഐ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കനേഡിയൻ എഐ മന്ത്രി ഇവാൻ സോളമൻ. വെടിവെപ്പ് നടത്തിയ പ്രതിയുടെ ചാറ്റ് ജിപിടി അക്കൗണ്ട് മാസങ്ങൾക്ക് മുൻപ് തന്നെ കമ്പനി നിരോധിച്ചിരുന്നുവെങ്കിലും, അക്രമാസക്തമായ ഉള്ളടക്കത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നില്ല. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ എന്ത് സുരക്ഷാ മാറ്റങ്ങളാണ് വരുത്തുക എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നൽകാൻ കമ്പനിക്ക് കഴിഞ്ഞില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.

കമ്പനി കൃത്യസമയത്ത് വിവരം അധികൃതരെ അറിയിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി പറഞ്ഞു. സ്വന്തം കുടുംബാംഗങ്ങളെയും അഞ്ച് വിദ്യാർത്ഥികളെയും കൊലപ്പെടുത്തിയ പ്രതിയുടെ അക്കൗണ്ടിൽ തോക്കുപയോഗിച്ചുള്ള അക്രമങ്ങളെക്കുറിച്ചുള്ള സൂചനകൾ നേരത്തെ ഉണ്ടായിരുന്നു. ഓപ്പൺ എഐ തങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചില്ലെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് സർക്കാർ വ്യക്തമാക്കി.
