കാൻബറ: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസിനെ ബോംബ് ഭീഷണിയെത്തുടർന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ‘ദി ലോഡ്ജിൽ’ നിന്ന് അടിയന്തരമായി മാറ്റി. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സുരക്ഷാ ഭീഷണി ഉണ്ടായത്. തുടർന്ന് പ്രധാനമന്ത്രിയെ സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട പരിശോധനകൾക്ക് ശേഷമാണ് അദ്ദേഹം വസതിയിലേക്ക് മടങ്ങിയെത്തിയത്. സംഭവത്തെ തുടർന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് (AFP) വസതിയിൽ വ്യാപകമായ തിരച്ചിൽ നടത്തി. സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന ഭീഷണിയെത്തുടർന്നായിരുന്നു പരിശോധന.

എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. അതേ സമയം നിലവിൽ പ്രധാനമന്ത്രിക്കോ പൊതുജനങ്ങൾക്കോ മറ്റു ഭീഷണികളൊന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിനെ പൂർണ്ണ വിശ്വാസമുണ്ടെന്നും അവരുടെ സേവനത്തിന് നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ വക്താവ് പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓസ്‌ട്രേലിയയിലെ രാഷ്ട്രീയനേതാക്കൾക്ക് നേരെ സുരക്ഷാ ഭീഷണികൾ വർദ്ധിച്ചുവരികയാണ്. ജനപ്രതിനിധികൾക്കും പൊതുഉദ്യോഗസ്ഥർക്കും നേരെയുള്ള ഇത്തരം ഭീഷണികൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.
