ടൊറന്റോ: മെക്സിക്കോയിലെ പ്യൂർട്ടോ വല്ലാർട്ടയിലുണ്ടായ അക്രമസംഭവങ്ങളെത്തുടർന്ന് കുടുങ്ങിയ കനേഡിയൻ വിനോദസഞ്ചാരികൾ ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ തിരിച്ചെത്തി.ക്രിമിനൽ സംഘങ്ങൾ (Cartel) തമ്മിലുള്ള ഏറ്റുമുട്ടലും അക്രമവും കാരണം ദിവസങ്ങളോളം ഹോട്ടൽ മുറികളിൽ അഭയം പ്രാപിക്കേണ്ടി വന്ന വിനോദസഞ്ചാരികൾ വലിയ ആശ്വാസത്തോടെയാണ് വിമാനമിറങ്ങിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുകയുയരുന്നതും തീപിടുത്തങ്ങളും കണ്ടപ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്ന് ഭയപ്പെട്ടിരുന്നതായി യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു.
കുപ്രസിദ്ധ മയക്കുമരുന്ന് തലവന്‍ നെമെസിയോ ഒസെഗുര സെര്‍വാന്റസിനെ(എല്‍ മെന്‍ചോ) സൈനിക നടപടിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മെക്സിക്കോയിൽ പെട്ടെന്നുള്ള സംഘർഷത്തിന് കാരണമായത്. ഇതിനെത്തുടർന്ന് റോഡ് ഉപരോധം, വെടിവെയ്പ്പ്, തുടങ്ങിയവ റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ വിനോദസഞ്ചാരികളോട് ഹോട്ടലുകൾക്ക് പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിരുന്നു. റിസോർട്ടുകൾക്കുള്ളിൽ തങ്ങൾ സുരക്ഷിതരായിരുന്നുവെന്നും ഭക്ഷണത്തിനോ മറ്റ് സൗകര്യങ്ങൾക്കോ ബുദ്ധിമുട്ട് ഉണ്ടായില്ലെന്നും ചില യാത്രക്കാർ അഭിപ്രായപ്പെട്ടു.

ശൈത്യകാലത്ത് ലക്ഷക്കണക്കിന് കാനഡക്കാരാണ് മെക്സിക്കോയിൽ സന്ദർശനം നടത്താറുള്ളത്. നിലവിലെ കണക്കനുസരിച്ച് പ്യൂർട്ടോ വല്ലാർട്ട ഉൾപ്പെടുന്ന ജാലിസ്കോ മേഖലയിൽ മാത്രം പതിനാറായിരത്തിലധികം കനേഡിയൻ പൗരന്മാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷത്തെത്തുടർന്ന് എയർ കാനഡ, വെസ്റ്റ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ പ്യൂർട്ടോ വല്ലാർട്ടയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ചയോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതിനെത്തുടർന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
മെക്സിക്കോയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുന്നുണ്ടെങ്കിലും യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് നിർദ്ദേശിച്ചു. മെക്സിക്കോയിലെ ചില സംസ്ഥാനങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷാ സാഹചര്യങ്ങൾ ഏതുനിമിഷവും മാറാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടിയുള്ള യാത്രാ പ്ലാനുകളിൽ ശ്രദ്ധ വേണമെന്നും ഗ്ലോബൽ അഫയേഴ്സ് കാനഡ മുന്നറിയിപ്പ് നൽകി.
