ഓട്ടവ: കാനഡക്കാർക്ക് സമാധാനപരമായ റിട്ടയർമെന്റിന് ശരാശരി 17 ലക്ഷം ഡോളർ സമ്പാദ്യം ആവശ്യമാണെന്ന് പുതിയ റിപ്പോർട്ട്. ബാങ്ക് ഓഫ് മൺട്രിയോൾ (BMO) നടത്തിയ വാർഷിക സർവ്വേ പ്രകാരം, കഴിഞ്ഞ വർഷത്തെ 15 ലക്ഷം ഡോളറിൽ നിന്നാണ് ഈ വർധനവ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഓരോ പ്രവിശ്യകളിലെയും ജീവിതച്ചെലവ് അനുസരിച്ച് ഈ തുകയിൽ വലിയ മാറ്റങ്ങളുണ്ട്. ഏറ്റവും ഉയർന്ന തുക ആവശ്യമാണെന്ന് കരുതുന്നത് ബ്രിട്ടിഷ് കൊളംബിയയാണെന്നാണ് (22 ലക്ഷം ഡോളർ) റിപ്പോർട്ട്. തൊട്ടുപിന്നാലെ ഒന്റാരിയോയിൽ 19 ലക്ഷം ഡോളറും ആൽബർട്ടയിൽ 16 ലക്ഷം ഡോളറും ആവശ്യമാണെന്ന് സർവ്വേ വ്യക്തമാക്കുന്നു.
കെബെക്ക്, അറ്റ്‌ലാന്റിക് കാനഡ തുടങ്ങിയ മേഖലകളിൽ വിരമിക്കൽ സമ്പാദ്യ ലക്ഷ്യം താരതമ്യേന കുറവാണ്. അറ്റ്‌ലാന്റിക് കാനഡയിൽ ഏകദേശം 9.28 ലക്ഷം ഡോളർ മതിയാകുമെന്ന് ജനങ്ങൾ കരുതുമ്പോൾ, സസ്കാച്വാൻ, മാനിറ്റോബ എന്നിവിടങ്ങളിൽ ഇത് 12 ലക്ഷം ഡോളറാണ്. വീടുവാടക, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവയിലുള്ള പ്രാദേശികമായ വ്യത്യാസങ്ങളാണ് ഈ തുക നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.

സമ്പാദ്യ ശീലങ്ങളിലും കാനഡക്കാർക്കിടയിൽ വലിയ വൈവിധ്യമുണ്ട്. വരുമാനത്തിന്റെ 10% സമ്പാദ്യ ലക്ഷ്യമെങ്കിലും 28% ആളുകൾ 5 ശതമാനത്തിൽ താഴെ മാത്രമാണ് മാറ്റിവെക്കുന്നത്. അതേസമയം, 21% പേർ നിർദ്ദേശിക്കപ്പെട്ടതിലും അധികം തുക സമ്പാദിക്കുന്നുണ്ട്. വിരമിക്കലിനോടുള്ള സമീപനത്തിലും മാറ്റങ്ങൾ പ്രകടമാണ്. സർവ്വേയിൽ പങ്കെടുത്ത 14% പേർ ഒരിക്കലും ജോലിയിൽ നിന്ന് വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി. ജനറേഷൻ X, മില്ലേനിയൽസ്, ജനറേഷൻ Z വിഭാഗങ്ങളിലുള്ള ഗണ്യമായ ഒരു വിഭാഗവും ജോലി തുടരാനാണ് ആഗ്രഹിക്കുന്നത്.
