ഹ്യൂസ്റ്റൺ : സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ധനശേഖരണാർത്ഥം നടത്തുന്ന ‘കിലുക്കം 25’-ന്റെ ഔദ്യോഗികമായ കിക്ക് ഓഫ് ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നു. ഏപ്രിൽ 17-ന് ഹ്യൂസ്റ്റൺ സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിലാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലും പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും അണിനിരക്കുന്ന ഈ മെഗാ ഷോ അരങ്ങേറുക.

റവ. ഫാ. ജെക്കു സക്കറിയയുടെ പ്രാർത്ഥനയോടെ കിലുക്കം 25 കിക്ക് ഓഫ് ചടങ്ങുകൾക്ക് തുടക്കമായി. കത്തീഡ്രൽ വികാരി റവ. ഫാ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ. പുഞ്ചക്കോണം സ്വാഗതം ആശംസിച്ചു. പൂർണ തോമസ് പ്രാർത്ഥനാ ഗാനം ആലപിച്ചു. പ്രോഗ്രാം കൺവീനർ ഡോ. സക്കറിയ തോമസ് ഷോയുടെ വിവിധ വശങ്ങളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. ഹ്യൂസ്റ്റണിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനകളുടെ സജീവ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA), ഫോമ (FOMAA), ഫൊക്കാന (FOKANA), മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (MAGH), വേൾഡ് മലയാളി കൗൺസിൽ (WMC), പെയർലാൻഡ് മലയാളി അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
റവ. ഫാ. ടെജി എബ്രഹാം, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി ജോർജ് , ഡിസ്ട്രിക്ററ് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഒളിമ്പ്യൻ പത്മശ്രീ ഷൈനി വിത്സൺ, അർജുന അവാർഡ് ജേതാവ് വിൽസൺ ചെറിയാൻ, ഡോ.രാംദാസ് കണ്ടത്ത് (പ്രസിഡൻ്റ് ഗുരുവായൂരപ്പൻ ക്ഷേത്രം), ജിൻസ് മാത്യു ( മാഗ് സീനിയർ ഫോറം കൺവീനർ), അനിൽ ആറന്മുള ( ഐപിസിഎൻഎ നാഷണൽ ജനറൽ സെക്രട്ടറി), ജീമോൻ റാന്നി (ഐപിസിഎൻഎ ഹ്യൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി), ലിഡാ തോമസ് (ആഷാ റേഡിയോ), ഷിബി റോയ് (മല്ലു കഫേ റേഡിയോ) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ പങ്കെടുക്കുന്ന ഈ മെഗാ ഷോയുടെ വിജയത്തിനായി വിപുലമായ കമ്മിറ്റികളും പ്രവർത്തനങ്ങളുമാണ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങളും കൺസ്ട്രക്ഷൻ കമ്മിറ്റി അംഗങ്ങളും കിലുക്കം ഷോയുടെ ടീമംഗങ്ങളും ചേർന്നാണ് ഷോയുടെ വൻ വിജയത്തിനായി പ്രവർത്തിക്കുന്നത്. ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണ്. ടിക്കറ്റ് ബുക്കിങ്ങിന് : https://us.atgtickets.com/events/kilukkam/smart-financial-centre/
