Wednesday, February 25, 2026

മലമ്പുഴയില്‍ എ സുരേഷ് വേണ്ട; അതൃപ്തിയുമായി കോണ്‍ഗ്രസ് നേതാക്കള്‍

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ എതിര്‍പ്പ്. എഐസിസി സെക്രട്ടറി പി.വി. മോഹന്റെ നേതൃത്വത്തില്‍ ഡിസിസിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തിയത്. മണ്ഡലത്തിലെ ഭൂരിഭാഗം ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാരും ഭാരവാഹികളും സുരേഷ് മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ്.

കൈപ്പത്തി ചിഹ്നമില്ലാതെ മത്സരത്തിനിറങ്ങുന്നത് വിജയസാധ്യതയെ ബാധിക്കുമെന്നാണ് പ്രാദേശിക നേതാക്കളുടെ പ്രധാന വാദം. എ. സുരേഷ് യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി ലഭിക്കില്ല. നിര്‍ണ്ണായകമായ ഈ തിരഞ്ഞെടുപ്പില്‍ അത്തരം ഒരു റിസ്‌ക് എടുക്കുന്നത് തിരിച്ചടിയാകുമെന്നും, ചിഹ്നമില്ലാതെ മത്സരിച്ചാല്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ സാധ്യതയുണ്ടെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.

ജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കേണ്ട ഘട്ടത്തില്‍, പാര്‍ട്ടി ചിഹ്നം ഉപേക്ഷിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് മുതിരരുതെന്ന് നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചു. മലമ്പുഴയില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി വേണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!