കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. പൊയിൽക്കാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയാണ് (18) മരിച്ചത്. മൃതദേഹത്തിൽ മുറിവുകൾ കണ്ടതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊയിലാണ്ടി ഗുരുദേവ കോളേജ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ തിങ്കളാഴ്ച രാത്രിയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ ക്ഷേത്രോത്സവത്തിന് മാതാപിതാക്കൾ പോയ സമയത്തായിരുന്നു സംഭവം. ഉത്സവത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കളാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണസമയത്ത് വിദ്യാർത്ഥിനി യൂണിഫോമിലായിരുന്നു എന്നത് സംഭവത്തിലെ ദുരൂഹത കൂട്ടി.

പെൺകുട്ടിയുടെ നെറ്റിയിലും താടിയിലുമായി മൂന്ന് സെന്റിമീറ്റർ വരെ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നടത്തിയ പ്രാഥമിക പരിശോധനയിലാണ് ശരീരത്തിലെ പരുക്കുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം തുടങ്ങി. വിദ്യാർത്ഥിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.
