Wednesday, February 25, 2026

‘ആണവ കരാറില്ലെങ്കിൽ ആക്രമണം’; ഇറാന്റെ എണ്ണക്കടത്തിന് പൂട്ടിട്ട് അമേരിക്ക

വാഷിങ്ടൺ: ഇറാനെതിരെ കടുത്ത സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് അമേരിക്ക. ജനീവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടക്കാനിരിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം. ഇറാന്റെ ആണവ പരിപാടിയിൽ ഉടൻ കരാറിലെത്തിയില്ലെങ്കിൽ സൈനിക ആക്രമണം നടത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക ഉപരോധങ്ങൾ കടുപ്പിച്ചിരിക്കുന്നത്.

ഇറാന്റെ നിയമവിരുദ്ധമായ ക്രൂഡ് ഓയിൽ വിൽപനയെയും ആയുധ നിർമ്മാണത്തെയും സഹായിക്കുന്ന 30-ലധികം വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയെയാണ് യുഎസ് ട്രഷറി വകുപ്പ് ലക്ഷ്യമിടുന്നത്. ഇറാന്റെ വരുമാന സ്രോതസ്സുകൾ തടയുന്നതിനായി വിദേശ വിപണികളിലേക്ക് ക്രൂഡ് ഓയിൽ കടത്തുന്ന ഇറാന്റെ ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകൾക്കെതിരെയും നടപടിയുണ്ടാകും. ഭീകരവാദ പ്രവർത്തനങ്ങൾക്കും ആയുധ നിർമ്മാണത്തിനുമായി ഇറാൻ സാമ്പത്തിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആരോപിച്ചു.

കഴിഞ്ഞ ദിവസം നടന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിലും ഇറാന്റെ ആണവ മോഹങ്ങളെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. ഗൾഫ് മേഖലയിൽ വലിയ തോതിൽ യുഎസ് സൈനിക വിന്യാസത്തിന് അദ്ദേഹം ഉത്തരവിടുകയും ചെയ്തു. എന്നാൽ അമേരിക്കയുമായുള്ള ചർച്ചകളെ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണുന്നതെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!