മൺട്രിയോൾ : കാർണി സർക്കാരിൽ സ്വാധീനം ചെലുത്തുന്ന ടെറെബോൺ ഉപതിരഞ്ഞെടുപ്പിൽ ബ്ലോക്ക് കെബെക്ക്വ സ്ഥാനാർത്ഥിയായി നതാലി സിൻക്ലെയർ-ഡെസ്ഗാഗ്നെ വീണ്ടും മത്സരിക്കും. പാർട്ടി ലീഡർ യെവ്സ്-ഫ്രാൻസ്വ ബ്ലോഷേയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ലിബറൽ സ്ഥാനാർത്ഥിയായി ടാറ്റിയാന അഗസ്റ്റെ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2025 ഏപ്രിൽ 28-ന് നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ടാറ്റിയാന അഗസ്റ്റെയോട് നതാലി ഒരു വോട്ടിന് പരാജയപ്പെട്ടിരുന്നു. ഇലക്ഷൻസ് കാനഡ നൽകിയ കവറിലെ വിലാസപ്പിശക് കാരണം ഒരു ബ്ലോക്ക് വോട്ടറുടെ സ്പെഷ്യൽ ബാലറ്റ് എണ്ണാതെ തിരികെ പോയിരുന്നു. ഈ ഒരു വോട്ട് എണ്ണാത്തതാണ് തന്റെ പരാജയത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി നതാലി സിൻക്ലെയർ-ഡെസ്ഗാഗ്നെ കാനഡയിലെ സുപ്രീം കോടതിയിൽ ഹർജി നൽകി. തുടർന്ന് ഫെബ്രുവരി 13-ന്, സുപ്രീം കോടതി ടെറെബോൺ റൈഡിങ്ങിലെ ഫലം അസാധുവാക്കിയിരുന്നു. ഇതോടെയാണ് ഈ റൈഡിങ്ങിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

അതേസമയം ഹൗസ് ഓഫ് കോമൺസിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 172 സീറ്റുകൾ കാർണി സർക്കാരിന് ലഭിക്കുമോ എന്ന് ഈ തിരഞ്ഞെടുപ്പിന് നിർണ്ണയിക്കാൻ കഴിയും. ലിബറലുകൾക്ക് 169 സീറ്റുകളും, കൺസർവേറ്റീവുകൾക്ക് 141 സീറ്റുകളും, ബ്ലോക്ക് കെബെക്ക്വയ്ക്ക് 22 സീറ്റുകളും, ന്യൂ ഡെമോക്രാറ്റുകൾക്ക് ഏഴ് സീറ്റുകളും, ഗ്രീൻസിന് ഒരു സീറ്റുമാണുള്ളത്. നിലവിൽ മൂന്ന് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇതിൽ രണ്ടെണ്ണം ടൊറൻ്റോയിലെ സ്കാർബറോ സൗത്ത് വെസ്റ്റിലെയും യൂണിവേഴ്സിറ്റി-റോസെഡേലിലെയും ലിബറൽ ശക്തികേന്ദ്രമായതിനാൽ ടെറെബോൺ ഉപതിരഞ്ഞെടുപ്പ് പ്രാധാന്യമർഹിക്കുന്നു. മാർക്ക് കാർണിക്ക് 172 എന്ന മാന്ത്രിക സംഖ്യയിലെത്താൻ ടെറെബോൺ ഉപതിരഞ്ഞെടുപ്പ് വിജയം സഹായിക്കും.
