കണ്ണൂർ: കെഎസ്യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ എംആർഐ സ്കാനിങ് റിപ്പോർട്ട് പുറത്തുവന്നു. മന്ത്രിയുടെ കഴുത്തിന് നേരിയ ക്ഷതമുണ്ടെന്നും വലതുകൈയിൽ മരവിപ്പും ഇടതുകൈയിൽ നേരിയ വേദനയുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രിയുടെ ആരോഗ്യനില വിലയിരുത്താൻ ഇന്ന് രാവിലെ എട്ട് മണിക്ക് മെഡിക്കൽ ബോർഡ് യോഗം ചേരും. പത്ത് മണിയോടെ ആശുപത്രി അധികൃതർ ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിയെ കെഎസ്യു പ്രവർത്തകർ നേരിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് റെയിൽവേ സുരക്ഷാസേന (RPF) വ്യക്തമാക്കി. പൊലീസിന്റെ ആവശ്യപ്രകാരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അക്രമം നടന്നതായി വ്യക്തമാകുന്ന ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്നാണ് ആർപിഎഫ് നൽകുന്ന വിവരം. മന്ത്രിയെ ആക്രമിച്ചു എന്ന പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

മന്ത്രിയെ ആക്രമിച്ച സംഭവത്തിൽ അഞ്ച് കെഎസ്യു പ്രവർത്തകരെയും കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും കോടതി റിമാൻഡ് ചെയ്തു. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ളവർക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മന്ത്രിയുടെ വാഹനത്തിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചു എന്ന കുറ്റത്തിനാണ് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ നടപടിയെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
