ഫ്രെഡറിക്ടൺ : ഇന്തോ-പസഫിക് മേഖലയിലെ വ്യാപാരം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യൻ സന്ദർശനത്തിൽ ന്യൂബ്രൺസ്വിക് പ്രീമിയർ സൂസൻ ഹോൾട്ടും ചേരും. സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോയും സംഘത്തിലുണ്ട്. ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി വ്യാപാരം, നിക്ഷേപം, തന്ത്രപ്രധാനമായ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി എന്ന നിലയിൽ ഇന്ത്യയിലേക്കുള്ള കാർണിയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ നീണ്ടുനിൽക്കുന്ന ത്രിരാഷ്ട്ര ഇൻഡോ-പസഫിക് പര്യടനത്തിന്‍റെ ഭാഗമായാണ് ഈ സന്ദർശനം.

ഇന്ത്യൻ സന്ദർശനത്തിലൂടെ വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുക, ന്യൂബ്രൺസ്വിക്കും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം വളർത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൂസൻ ഹോൾട്ട് പറയുന്നു. സാങ്കേതികവിദ്യ, നൂതന ഉൽപ്പാദനം, വനവൽക്കരണം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ബിസിനസ്സ് നേതാക്കളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുമെന്നും സൂസൻ ഹോൾട്ട് അറിയിച്ചു. 2024 ൽ, പ്രവിശ്യയിൽ നിന്നും ഏകദേശം 19 കോടി ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തിരുന്നതായി പ്രീമിയർ പറഞ്ഞു. ഓപ്പർച്യുണിറ്റീസ് എൻബി വഴി ഇന്ത്യയിൽ ഭൗതിക സാന്നിധ്യമുള്ള ഏക അറ്റ്ലാൻ്റിക് പ്രവിശ്യ ന്യൂബ്രൺസ്വിക്കാണെന്നും അവർ വ്യക്തമാക്കി.
