റെജൈന : പ്രിൻസ് ആൽബർട്ടിൽ വാഹന മോഷണക്കേസുകൾ കുത്തനെ വർധിക്കുന്നതായി റിപ്പോർട്ട്. 2025-ലെ കണക്കുകൾ പ്രകാരം 417 വാഹന മോഷണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് പൊലീസ് പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 29.1 ശതമാനം വർധനയാണിത്. മോഷ്ടിക്കപ്പെട്ട വാഹനങ്ങളിൽ 95 ശതമാനവും വീണ്ടെടുത്തെങ്കിലും, പ്രതികൾ പിടിക്കപ്പെടുന്ന കേസുകൾ കുറവാണെന്നതും പ്രശ്നത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. മിക്ക മോഷണങ്ങളും ഹൈടെക് രീതികൾക്ക് പകരം അശ്രദ്ധമായി വാഹനത്തിൽ താക്കോൽ ഉപേക്ഷിക്കുന്നത് മൂലമാണ് സംഭവിക്കുന്നതെന്ന് പൊലീസ് ചീഫ് പാട്രിക് നോഗിയർ ചൂണ്ടിക്കാട്ടി. മോഷ്ടിച്ച വാഹനങ്ങൾ പലപ്പോഴും മയക്കുമരുന്ന് കടത്തലിനും മറ്റ് കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കുന്നത് പൊലീസിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

വാഹന മോഷണത്തിന് പുറമെ നഗരത്തിൽ കൊള്ള, തീവെയ്പ്പ് എന്നീ കുറ്റകൃത്യങ്ങളും വർധിച്ചിട്ടുണ്ട്. 2025-ൽ റെക്കോർഡ് എണ്ണം തോക്കുകളാണ് പൊലീസ് പിടിച്ചെടുത്തത്. കുറ്റകൃത്യങ്ങൾ തടയാൻ പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് മേയർ ബിൽ പൗളിൻസ്‌കി വ്യക്തമാക്കി. വാഹനങ്ങൾ എപ്പോഴും ലോക്ക് ചെയ്യുക, വിലപിടിപ്പുള്ള വസ്തുക്കൾ ഉള്ളിൽ വെക്കാതിരിക്കുക, സിസിടിവി കാമറകൾ സ്ഥാപിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കാൻ പൊലീസ് നിർദ്ദേശിച്ചു. അതേസമയം, വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളിൽ 33% കുറവുണ്ടായതായും പൊലീസ് റിപ്പോർട്ട് ചെയ്യുന്നു.
