കൽപ്പറ്റ: വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ച് നൽകുന്ന ഭവന പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. കൽപ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി വീടുകളുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കും. രാവിലെ കണ്ണൂരിലെത്തുന്ന രാഹുൽ ഗാന്ധി, പേരാവൂരിൽ നടക്കുന്ന കർഷക യോഗത്തിൽ പങ്കെടുത്ത ശേഷമാകും കൽപ്പറ്റയിലേക്ക് തിരിക്കുക. വന്യജീവി ആക്രമണങ്ങളും കാർഷിക പ്രതിസന്ധികളും നേരിടുന്ന മേഖലയിലെ കർഷകരുമായി അദ്ദേഹം നേരിട്ട് സംവദിക്കും.
വയനാട് എംപി എന്ന നിലയിൽ പ്രിയങ്ക ഗാന്ധിക്ക് ഇന്ന് തിരക്കേറിയ പരിപാടികളാണുള്ളത്. രാവിലെ കളക്ടറേറ്റിൽ നടക്കുന്ന ‘ദിശ’ (DISHA) യോഗത്തിൽ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് കൽപ്പറ്റ എംപി ഓഫീസിൽ വെച്ച് വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനായുള്ള (RRT) ആധുനിക ഉപകരണങ്ങൾ അവർ കൈമാറും. നാളെ കാളികാവ് സർവീസ് സഹകരണ ബാങ്കിന്റെ ലബോറട്ടറി ഉദ്ഘാടനവും തിരുവമ്പാടി എംഇഎസ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളും പ്രിയങ്ക നിർവ്വഹിക്കും. കൂടാതെ നിർദ്ദിഷ്ട ചുരം ബൈപാസ് റോഡ് സ്ഥലം സന്ദർശിക്കാനും അവർക്ക് പദ്ധതിയുണ്ട്.

സന്ദർശനത്തിന്റെ ഭാഗമായി ജനകീയ പ്രശ്നങ്ങളിലും പ്രിയങ്ക ഗാന്ധി ഇടപെടും. ബൈരക്കുപ്പ പാലം പദ്ധതി സ്ഥലം സന്ദർശിക്കുന്ന അവർ, കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളിയിലെ കൂമന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കും. മുസ്ലീം ലീഗ് നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽ ദാന ചടങ്ങിലും പ്രിയങ്ക പങ്കെടുക്കും. ക്നാനായ കത്തോലിക്കാ പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾ അവർ വിലയിരുത്തും.
