ഓട്ടവ: പ്രധാനമന്ത്രി മാർക്ക് കാർണി ഈ ആഴ്ച ഇന്ത്യ സന്ദർശിക്കാനിരിക്കെ, കാനഡയിലെ സിഖ് വംശജർക്കിടയിൽ പ്രതിഷേധവും ആശങ്കയും ശക്തമാകുന്നു. തനിക്കും കുടുംബത്തിനും നേരെ ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്നും വധഭീഷണിയുണ്ടെന്ന് ബ്രിട്ടിഷ് കൊളംബിയ സിഖ് ആക്ടിവിസ്റ്റ് മൊനിന്ദർ സിങ് വെളിപ്പെടുത്തി. ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെ കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഈ സന്ദർശനം നടക്കുന്നത്. കാനഡയുടെ ആഭ്യന്തര സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും നിയമവാഴ്ചയ്ക്കാണ് പ്രഥമ പരിഗണനയെന്നും വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഇന്ത്യൻ ഇടപെടലുകളെക്കുറിച്ച് പരസ്യമായ അന്വേഷണം വേണമെന്നാണ് സിഖ് സംഘടനകളുടെ ആവശ്യം. രാജ്യത്തെ സിഖ് വംശജരുടെ സുരക്ഷ ഉറപ്പാക്കാതെ ഇന്ത്യയുമായി വ്യാപാര ചർച്ചകൾ നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്.

ഇന്ത്യൻ ഏജന്റുകൾ കാനഡയിൽ അക്രമസംഭവങ്ങളിൽ ഏർപ്പെടുന്നു എന്നാരോപിച്ച് 2024 ഒക്ടോബറിൽ ആറ് ഇന്ത്യൻ നയതന്ത്രജ്ഞരെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് പകരമായി ഇന്ത്യയും കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കി. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഭീകരവാദികളെ സംരക്ഷിക്കുന്നു എന്ന ഇന്ത്യയുടെ ആരോപണവും, കാനഡയുടെ മണ്ണിൽ ഇന്ത്യ അതിക്രമങ്ങൾ നടത്തുന്നു എന്ന കാനഡയുടെ ആരോപണവും തർക്കവിഷയമായി തുടരുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ നയതന്ത്ര ഉദ്യോഗസ്ഥർ തമ്മിലുള്ള സുരക്ഷാ ചർച്ചകൾ തുടരുമെന്ന് പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി അറിയിച്ചു. എന്നാൽ തങ്ങളുടെ സുരക്ഷാ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത പക്ഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സിഖ് വംശജരുടെ വോട്ട് ബാങ്ക് പ്രതിഫലിക്കുമെന്നും സിഖ് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
