ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയ്യുടെ ഭാര്യ സംഗീത വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. മറ്റൊരു നടിയുമായുള്ള വിജയ്യുടെ അടുത്തബന്ധമാണ് വിവാഹമോചനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നൽകിയ ഹർജിയിൽ ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ വിജയിയോട് കോടതി നിർദ്ദേശിച്ചു. 1998 ജൂലൈ 10 ന് യു.കെയിലാണ് വിവാഹം ആദ്യമായി രജിസ്റ്റർ ചെയ്തതെന്ന് 48 കാരിയായ സംഗീത തന്റെ ഹർജിയിൽ പറയുന്നു. പിന്നീട് 1999 ഓഗസ്റ്റ് 25 ന് ചെന്നൈ എഗ്‌മോറിലെ മുത്തയ്യ മന്ദ്രത്തിൽ ഹിന്ദു ആചാരങ്ങളനുസരിച്ചുള്ള വിവാഹം നടന്നു. വിവാഹത്തിന്റെ ആദ്യ വർഷങ്ങൾ സന്തോഷത്തോടെയും ഐക്യത്തോടെയുമായിരുന്നെന്ന് ഹർജിയിൽ പറയുന്നു. കുടുംബന്ധം മികച്ച രീതിയിൽ തന്നെ മുന്നോട്ടുപോയി. എന്നാൽ 2021 ഏപ്രിലിൽ, വിജയ് പ്രശസ്തയായ ഒരു നടിയുമായി അടുപ്പത്തിലാണെന്ന് മനസിലായി. ഇത് ആഴത്തിലുള്ള വൈകാരിക വേദനയും മാനസിക ക്ലേശവും ഉണ്ടാക്കിയെന്നും ദാമ്പത്യത്തിലെ പരസ്പര വിശ്വാസത്തിന്റെ വഞ്ചനയും ലംഘനവുമാണെന്നും സംഗീത വിവാഹമോചന ഹർജിയിൽ ആരോപിക്കുന്നു.

ആ ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് ആദ്യം ഉറപ്പുനൽകിയിരു ന്നെങ്കിലും, പിന്നീടത് അവഗണിച്ചു. ഇങ്ങനെയുള്ള സമീപനത്തിലൂടെ തനിക്ക് കടുത്ത അവഹേളനമാണ് സോഷ്യൽ മീഡിയയിൽ നിന്നുൾപ്പെടെ കുറേ വർഷങ്ങളായി അനുഭവിക്കേണ്ടി വന്നത്. അവഹേളനം, വൈകാരിക അവഗണന, വേർപിരിയൽ എന്നിവയിലേക്ക് ഈ കാരണ ങ്ങളെല്ലാം നയിച്ചുവെന്നും അവർ ഹർജിയിൽ ആരോപിച്ചു.2021 സെപ്റ്റംബറിനും 2022 ഫെബ്രുവരിക്കും ഇടയിലും, 2024 ഓഗസ്റ്റ് മുതൽ 2025 ഫെബ്രുവരി വരെയും, കൗൺ സിലിംഗിലൂടെയും വ്യക്തിപരമായ ചർച്ചകളിലൂടെയും നടത്തിയ ശ്രമങ്ങൾ സൗഹാ ർദ്ദപരമായ ഒത്തുതീർപ്പിൽ കലാശിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. വിവാഹം ‘തിരിച്ചെടുക്കാനാവാത്തവിധം തകർന്നു’ എന്നും ഇപ്പോൾ തമ്മിലുള്ള ബന്ധം കടലാസിൽ മാത്രം നിലനിൽക്കുന്നു എന്നുമാണ് സംഗീത ഹർജിയിൽ പറയുന്നത്.

പ്രതിയുടെ വരുമാനത്തിനും സാമൂഹിക നിലയ്ക്കും ആനുപാതികമായ സ്ഥിരമായ ജീവനാംശം, ഹർജി തീർപ്പാക്കുന്നതുവരെ നീലങ്കരൈയിലെ വീട്ടിൽ താമസിക്കാനുള്ള അവകാശം അല്ലെങ്കിൽ തുല്യമായ താമസസൗകര്യം നൽകുക, കേസിലുൾപ്പെട്ട കക്ഷികളുടെ സ്വകാര്യത സംരക്ഷിക്കാൻ രഹസ്യമായി കോടതി നടപടികൾ പൂർത്തി യാക്കുക എന്നീ ആവശ്യങ്ങളും ഹർജിക്കാരി ഉന്നയിച്ചിട്ടുണ്ട്. മറ്റ് പല സെലിബ്രിറ്റി ദമ്പതികളിൽ നിന്നും വ്യത്യസ്തമായി, സംഗീത എപ്പോഴും ജനശ്രദ്ധയിൽ നിന്ന് വിട്ടുനിന്നു, അപൂർവ്വമായി മാത്രമേ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളൂ. ഇവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ ഇതാദ്യമായല്ല ഉയർന്നുവരുന്നത്. 1999 ആഗസ്റ്റ് 25-നായിരുന്നു വിജയിന്റെയും സംഗീതയുടെയും വിവാഹം. ഇരുവർക്കും സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന വിജയിയെ സംബന്ധിച്ചിടത്തോളം ഈ നീക്കം വലിയ രാഷ്ട്രീയ വെല്ലുവിളിയാണ്. താരത്തിന്റെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘ജനനായകൻ’ സെൻസറിംഗ് കുരുക്കി ലായതിന് പിന്നാലെയാണ് ഈ വ്യക്തിപരമായ പ്രതിസന്ധിയും താരത്തെ തേടിയെത്തിയത്.
