മൺട്രിയോൾ: ആഗോള ബിസിനസ് ജെറ്റ് നിർമ്മാണ മേഖലയിൽ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം നിലനിർത്തി പ്രമുഖ വിമാന കമ്പനിയായ ബോംബാർഡിയർ. ജനറൽ ഏവിയേഷൻ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (GAMA) പുറത്തുവിട്ട 2025-ലെ റിപ്പോർട്ട് പ്രകാരം, 794 കോടി ഡോളർ മൂല്യമുള്ള 157 ആഡംബര വിമാനങ്ങളാണ് ബോംബാർഡിയർ കഴിഞ്ഞ വർഷം വിപണിയിലെത്തിച്ചത്. 2024-നെ അപേക്ഷിച്ച് ഉൽപ്പാദനത്തിൽ മികച്ച വർധന രേഖപ്പെടുത്താൻ കമ്പനിക്ക് സാധിച്ചു.
എന്നാൽ, ബോംബാർഡിയറിന്റെ പ്രധാന എതിരാളിയായ അമേരിക്കൻ കമ്പനി ഗൾഫ്സ്ട്രീം എയറോസ്പേസ് കോർപ്പറേഷൻ തങ്ങളുടെ ഒന്നാം സ്ഥാനം കൂടുതൽ കരുത്തുറ്റതാക്കി. 158 വിമാനങ്ങൾ വിതരണം ചെയ്ത ഗൾഫ്സ്ട്രീം, വരുമാനത്തിൽ 20% വർധനയോടെ 1001 കോടി ഡോളർ നേടി ബോംബാർഡിയറിനേക്കാൾ വലിയ മുന്നേറ്റം നടത്തി. 2020-ന് ശേഷം ആദ്യമായാണ് വിമാനങ്ങളുടെ എണ്ണത്തിൽ ഗൾഫ്സ്ട്രീം ബോംബാർഡിയറിനെ മറികടക്കുന്നത്.

കനേഡിയൻ വ്യവസായ മേഖലയ്ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷവിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. ഗൾഫ്സ്ട്രീം വിമാനങ്ങൾക്ക് കാനഡ സർട്ടിഫിക്കേഷൻ നൽകുന്നില്ലെന്ന് ആരോപിച്ച ട്രംപ്, കാനഡയിൽ നിർമ്മിക്കുന്ന വിമാനങ്ങൾക്ക് കടുത്ത നികുതി ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഈ നയതന്ത്ര തർക്കങ്ങൾക്കിടയിലും ആഗോള ബിസിനസ് ജെറ്റ് വിപണിയിൽ ഇരു കമ്പനികളും തമ്മിലുള്ള മത്സരം മുറുകുകയാണ്.
