ഓട്ടവ: കാനഡ ബോർഡർ സർവീസസ് ഏജൻസിയിലെ (CBSA) മുന്നൂറിലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് ഫെഡറൽ സർക്കാർ. 2029-ഓടെ പൊതുമേഖലയിൽ നിന്ന് 28,000 തസ്തികകൾ നീക്കം ചെയ്യാനുള്ള മാർക്ക് കാർണി സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ദേശീ യ ആസ്ഥാനത്തുള്ള 348 തസ്തികകളാണ് ഇല്ലാതാകുന്നത്. ഇതിന്റെ ഭാഗമായി 708 ജീവനക്കാർക്ക് ‘വർക്ക്ഫോഴ്സ് അഡ്ജസ്റ്റ്മെന്റ്’ നോട്ടീസുകൾ നൽകിയതായി ഏജൻസി സ്ഥിരീകരിച്ചു.
ബജറ്റിൽ പ്രഖ്യാപിച്ച 5.2 കോടി ഡോളറിന്റെ ചെലവ് ചുരുക്കൽ നടപടികൾ പാലിക്കുന്നതിനാണ് ഈ പിരിച്ചുവിടൽ. എന്നാൽ, അതിർത്തിയിലെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ ഐടി, മെയിന്റനൻസ്, ഭരണവിഭാഗം എന്നിവയിലാണ് ക്രമീകരണം വരുത്തുന്നത്. അതേസമയം, സംഘടിത കുറ്റകൃത്യങ്ങളും കള്ളക്കടത്തും തടയുന്നതിനായി ഫ്രണ്ട്‌ലൈൻ വിഭാഗത്തിൽ പുതുതായി 1,000 ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും CBSA അറിയിച്ചു. ഇതിനായി 130 കോടി ഡോളറിന്റെ അതിർത്തി സുരക്ഷാ പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.

സർക്കാരിന്റെ ഈ അതിവേഗ വെട്ടിക്കുറയ്ക്കൽ നടപടിയിൽ കനേഡിയൻ പബ്ലിക് സർവീസ് അലയൻസ് (PSAC) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുൻ സർക്കാരുകളുടെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങളാണ് കാർണി സർക്കാർ ആവർത്തിക്കുന്നതെന്ന് പിഎസ്എസി പ്രസിഡന്റ് ഷാരോൺ ഡിസൂസ കുറ്റപ്പെടുത്തി. അതിർത്തിയിൽ സമ്മർദ്ദം വർധിക്കുന്ന സാഹചര്യത്തിൽ വിദഗ്ധരായ ജീവനക്കാരെ കുറയ്ക്കുന്നത് സുരക്ഷയെ ബാധിക്കുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി. സിബിഎസ്എയ്ക്ക് പുറമെ ആർസിഎംപി (RCMP) അടക്കമുള്ള മറ്റ് വിഭാഗങ്ങളിലും വലിയ തോതിൽ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നുണ്ട്.
