ബീജിങ്: കാനഡയിൽ നിന്നുള്ള പ്രധാന കാർഷിക ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത ഇറക്കുമതി തീരുവകൾ പിൻവലിച്ച് ചൈന. മാർച്ച് 1 മുതൽ ചൈന കാനഡയ്ക്കുമേൽ ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകൾ പിൻവലിക്കുമെന്നാണ് പ്രഖ്യാപനം. ജനുവരിയിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചൈനയിൽ നടത്തിയ സന്ദർശനത്തിൽ ഉണ്ടാക്കിയ പ്രാരംഭ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നീക്കം. കാനഡയിൽ നിന്നുള്ള കനോല മീൽ, പയർ വർഗങ്ങൾ എന്നിവയുടെ 100% തീരുവയും ലോബ്സ്റ്റർ, ഞണ്ട് എന്നിവയുടെ 25% തീരുവയുമാണ് 2026 അവസാനം വരെ ചൈന നീക്കം ചെയ്തത്.

കനോല വിത്തുകളുടെ നികുതി കുറയ്ക്കുന്ന കാര്യത്തിൽ ചൈന ഇതുവരെ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ലെങ്കിലും, മാർച്ച് 9-ഓടെ ഇതിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. ചൈനീസ് വിപണി വീണ്ടും തുറക്കുന്നത് കാനഡയിലെ കർഷകർക്ക് വലിയ ആശ്വാസമാകും. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾക്കിടയിൽ സ്വന്തം സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് കാനഡ ഇപ്പോൾ ചൈനയുമായി സഹകരിക്കുന്നത്. ഇതിന്റെ ഭാഗമായി ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡയിൽ കുറഞ്ഞ നികുതി നിരക്ക് അനുവദിക്കാനും തീരുമാനമായിട്ടുണ്ട്
