ഓട്ടവ: വിതരണം ചെയ്ത 2,500 കിലോയിലധികം ഫ്രോസൺ ബ്ലൂബെറികൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നതായി റിപ്പോർട്ട്. ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് തിരിച്ചുവിളിക്കൽ. അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് (FDA) ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഒറിഗൺ പൊട്ടറ്റോ കമ്പനി ഉൽപ്പാദിപ്പിച്ച ഈ പഴങ്ങൾ കാനഡയിലെ വിവിധ മേഖലകളിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും വിതരണം ചെയ്തിട്ടുണ്ട്.
ഈ ഉൽപ്പന്നം ഉപയോഗിക്കുന്നത് മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതിനാൽ ‘ക്ലാസ് I’ വിഭാഗത്തിലാണ് ഈ പിൻവലിക്കലിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഇവ റീട്ടെയിൽ കടകൾ വഴി നേരിട്ട് ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എങ്കിലും വിതരണ ശൃംഖലയിലുടനീളം അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ലിസ്റ്റീരിയ ബാധിച്ചാൽ മസ്തിഷ്ക അണുബാധയ്ക്കും രക്തത്തിൽ വിഷാംശം കലരുന്നതിനും സാധ്യതയുണ്ടെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. മലിനമായ ഭക്ഷണം കഴിച്ച് 24 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ചില സാഹചര്യങ്ങളിൽ ഇത് മാരകമായേക്കാം എന്നതിനാൽ കാനഡയിലെ ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ ഏജൻസികളും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
