ന്യൂയോർക്ക്: തനിക്കെതിരെയുള്ള മയക്കുമരുന്ന് കടത്ത് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ യു.എസ് കോടതിയിൽ. തന്റെ ഭരണഘടനാപരമായ പ്രതിരോധ അവകാശങ്ങളെ യു.എസ് സർക്കാർ മനപ്പൂർവ്വം തടസ്സപ്പെടുത്തുന്നുവെന്നും മഡുറോ ആരോപിച്ചു. തന്റെ നിയമോപദേശകർക്ക് നൽകേണ്ട ഫണ്ട് യുഎസ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും, ഇത് അമേരിക്കൻ ഭരണഘടനയുടെ ആറാം ഭേദഗതി ഉറപ്പുനൽകുന്ന, അഭിഭാഷകനെ തിരഞ്ഞെടുക്കാനുള്ള അവകാശത്തിൻ്റെ ലംഘനമാണെന്നും മഡുറോയുടെ അഭിഭാഷകൻ ബാരി പൊള്ളാക് കോടതിയിൽ വാദിച്ചു. 2026 ജനുവരി 3-ന് വെനസ്വേലയിലെ വസതിയിൽ യു.എസ് സൈന്യം നടത്തിയ ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ് എന്ന രക്തരൂക്ഷിതമായ റെയ്ഡിലാണ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും പിടിയിലായത്. നിലവിൽ ന്യൂയോർക്കിലെ ജയിലിൽ കഴിയുന്ന ഇവർക്കെതിരെ മയക്കുമരുന്ന് കടത്തുകാരെ സഹായിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വെനസ്വേലൻ സർക്കാരിൽ നിന്ന് നിയമസഹായത്തിനുള്ള പണം സ്വീകരിക്കാൻ ആദ്യം അനുമതി നൽകിയ യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ്, മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ ആ അനുമതി വിശദീകരണമില്ലാതെ റദ്ദാക്കിയെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇത് മഡുറോയെ നിയമസഹായം ലഭിക്കുന്നതിൽ നിന്ന് തടയുന്നതിനുള്ള നീക്കമാണെന്നാണ് അഭിഭാഷകർ വാദിക്കുന്നത്.

ഒരു വിദേശ രാഷ്ട്രത്തലവൻ എന്ന നിലയിൽ തനിക്ക് നിയമനടപടികളിൽ നിന്ന് പരിരക്ഷയുണ്ടെന്നും തന്നെ തടഞ്ഞുവെച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് മഡുറോയുടെ വാദം. മഡുറോയുടെ വാദങ്ങളോട് പ്രതികരിക്കാൻ മാൻഹട്ടൻ യു.എസ് അറ്റോർണി ഓഫീസ് ഇതുവരെ തയ്യാറായിട്ടില്ല. യുഎസ് സർക്കാർ വെനസ്വേലയിൽ നിന്നുള്ള ഫണ്ട് അനുവദിച്ചാൽ, മഡുറോയുടെ അറസ്റ്റിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുന്ന നടപടികൾ പ്രോസിക്യൂഷന് തിരിച്ചടിയായേക്കാം എന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.
