വാഷിങ്ടൺ: ഐവി ലീഗ് ഉൾപ്പെടെയുള്ള പ്രമുഖ അമേരിക്കൻ സർവകലാശാലകളിലേക്ക് സൈനിക ഉദ്യോഗസ്ഥരെ ഉപരിപഠനത്തിനും പ്രൊഫഷണൽ കോഴ്സുകൾക്കും അയക്കുന്നത് നിർത്തലാക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ‘അമേരിക്കൻ വിരുദ്ധ’ കേന്ദ്രങ്ങളായി മാറിയെന്ന് ആരോപിച്ചാണ് പെന്റഗണിന്റെ നിർണ്ണായക നീക്കം. 2026-27 അധ്യയന വർഷം മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് എക്സിൽ (X) പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കി.
യൂണിവേഴ്സിറ്റികളിലെ വൈവിധ്യവൽക്കരണ പദ്ധതികൾ, ട്രാൻസ്ജെൻഡർ നയങ്ങൾ, ഗാസയിലെ ഇസ്രയേൽ ആക്രമണത്തിനെതിരെ ക്യാമ്പസുകളിൽ നടക്കുന്ന പ്രതിഷേധങ്ങൾ എന്നിവയിൽ ട്രംപ് ഭരണകൂടം കർശന നിലപാടാണ് സ്വീകരിക്കുന്നത്. പതിറ്റാണ്ടുകളായി അമേരിക്കൻ നികുതിപ്പണം കൊണ്ട് വളരുന്ന ഐവി ലീഗ് സ്ഥാപനങ്ങൾ, രാജ്യത്തോടുള്ള അവജ്ഞയും സൈന്യത്തോടുള്ള പുച്ഛവും വളർത്തുന്ന ഫാക്ടറികളായി മാറിയെന്ന് ഹെഗ്സെത്ത് കുറ്റപ്പെടുത്തി.

അടുത്ത അധ്യയന വർഷം മുതൽ പ്രിൻസ്റ്റൺ, കൊളംബിയ, എംഐടി, ബ്രൗൺ, യേൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ സൈനിക പങ്കാളിത്തം പൂർണ്ണമായും റദ്ദാക്കാൻ ഉത്തരവിട്ടു. ഹാർവാർഡ് സർവകലാശാലയുമായുള്ള സൈനിക വിദ്യാഭ്യാസ പരിപാടികളും ഫെലോഷിപ്പുകളും നിർത്തലാക്കുമെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ലിബറൽ നിലപാടുകൾക്കെതിരെയുള്ള ട്രംപ് സർക്കാരിന്റെ ശക്തമായ നീക്കമായിട്ടാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.
