Saturday, February 28, 2026

കാനഡയിൽ ചുമമരുന്ന് ദുരുപയോഗം; വിൽപനയ്ക്ക് നിയന്ത്രണം

കാൽ​ഗറി: ആൽബർട്ടയിലെ ടാബർ നഗരത്തിൽ, ചുമയ്ക്കുള്ള മരുന്നുകളുടെ ദുരുപയോഗം തടയാൻ കർശന നടപടികളുമായി പൊലീസ്. മരുന്നുകളിൽ അടങ്ങിയിരിക്കുന്ന ഡെക്‌സ്ട്രോമെത്തോർഫാൻ (DXM) എന്ന ഘടകം ലഹരിക്കായി ഉപയോഗിക്കുന്നത് വർധിച്ച സാഹചര്യത്തിലാണ് പൊലീസ് ഇടപെടൽ. ഇത്തരം മരുന്നുകൾ കടകളിൽ നേരിട്ട് എടുക്കാൻ കഴിയുന്ന വിധത്തിൽ പ്രദർശിപ്പിക്കാതെ കൗണ്ടറുകൾക്ക് പിന്നിലേക്ക് മാറ്റണമെന്നും വിൽപന മുതിർന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

DXM അമിതമായി ഉള്ളിൽച്ചെന്നാൽ ഹൃദയമിടിപ്പ് വർധിക്കാനും രക്തസമ്മർദ്ദം ഉയരാനും ഇടയാക്കും. കൂടാതെ കാഴ്ച മങ്ങുക, സംസാരത്തിൽ അവ്യക്തത, വിറയൽ, അപസ്മാരം തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും പേടി, ഹാലുസിനേഷൻ തുടങ്ങിയ മാനസികാസ്വാസ്ഥ്യങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. പല ചുമ മരുന്നുകളിലും അടങ്ങിയിരിക്കുന്ന അസറ്റാമിനോഫെൻ എന്ന ഘടകം അമിതമായി ശരീരത്തിലെത്തുന്നത് കരളിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ലഹരി ഉപയോഗത്തെക്കുറിച്ച് അവർക്ക് ബോധവൽക്കരണം നൽകണമെന്നും ടാബർ പൊലീസ് നിർദ്ദേശിച്ചു. കൗണ്ടറുകൾക്ക് പിന്നിലേക്ക് മരുന്ന് മാറ്റുന്നത് പ്രാദേശികമായി മോഷണവും ദുരുപയോഗവും കുറയ്ക്കാൻ സഹായിക്കുമെന്ന് ആൽബർട്ട കോളേജ് ഓഫ് ഫാർമസിയും വ്യക്തമാക്കി. നിലവിൽ ഇത്തരം മരുന്നുകൾ കൈവശം വെക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ജാഗ്രത പാലിക്കാനാണ് അധികൃതരുടെ തീരുമാനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!