ഓട്ടവ: കാനഡയിൽ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിനൊപ്പം വിഷാദരോഗവും ഉത്കണ്ഠയും റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണവും വർധിക്കുന്നതായി പുതിയ പഠനം. ഒന്റാരിയോയിലെ മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ 15 വയസ്സിന് മുകളിലുള്ള 35,000 കനേഡിയൻ പൗരന്മാരുടെ വിവരങ്ങൾ വിശകലനം ചെയ്തതാണ് ഈ റിപ്പോർട്ട്. 2012-ൽ 11.4 ശതമാനമായിരുന്ന കഞ്ചാവ് ഉപയോഗം 2022 ആയപ്പോഴേക്കും 20.7 ശതമാനമായി ഉയർന്നു.
ഇതേ കാലയളവിൽ ഉത്കണ്ഠാ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർ 2.6-ൽ നിന്ന് 5.2 ശതമാനമായും, കടുത്ത വിഷാദം അനുഭവിക്കുന്നവർ 4.7-ൽ നിന്ന് 7.6 ശതമാനമായും വർധിച്ചു. മുതിർന്നവരിലെ ആത്മഹത്യാ നിരക്ക് വലിയ മാറ്റമില്ലാതെ തുടരുമ്പോഴും, യുവാക്കൾക്കിടയിൽ ഇത് 44 ശതമാനം വർധിച്ചത് ആശങ്കയുണ്ടാക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ആഴ്ചയിൽ രണ്ടു തവണയെങ്കിലും കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മാനസിക പ്രശ്നങ്ങൾ ഉണ്ടാകാൻ അഞ്ചിരട്ടി സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

കഞ്ചാവിന്റെ ഉപയോഗമാണോ മാനസികാരോഗ്യം തകരുന്നത് അതോ മാനസിക പ്രയാസങ്ങൾ മൂലമാണോ കഞ്ചാവിലേക്ക് ആളുകൾ തിരിയുന്നത് എന്നതിൽ വ്യക്തതയില്ലെങ്കിലും, ഇവ രണ്ടും ഒരേപോലെ വർധിക്കുന്നതായി പഠനം തെളിയിക്കുന്നു. 2018-ൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയ ശേഷം ഇതിന്റെ ലഭ്യത വർധിച്ചതും മാനസിക പ്രശ്നങ്ങൾക്ക് കാരണമായിരിക്കാം. അതിനാൽ, കഞ്ചാവ് ഉപയോഗവും മാനസികാരോഗ്യവും ഒരുമിച്ച് പരിഗണിക്കുന്ന ചികിത്സാ രീതികൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു.
