ടെഹ്റാന്: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേലിന്റെ ശക്തമായ മിസൈല്‍ ആക്രമണം. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റ്, ജോംഹൗറി പ്രദേശം എന്നിവിടങ്ങളില്‍ നിരവധി മിസൈലുകള്‍ പതിച്ചതായും മൂന്ന് തവണ വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന് പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഓഫീസിന് തൊട്ടടുത്താണ് ആക്രമണം നടന്നതെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന സൂചനയാണ് നല്‍കുന്നത്.
ഇസ്രയേലിന് നേരെയുള്ള ഭീഷണികള്‍ ഇല്ലാതാക്കുന്നതിനായി ഇറാനെതിരെ ഒരു മുന്‍കൂര്‍ ആക്രമണം (Pre-emptive Strike) ആരംഭിച്ചുവെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഈ സൈനിക നീക്കത്തില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായാണ് പങ്കുചേരുന്നതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങള്‍. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പൗരന്മാരോട് എത്രയും വേഗം സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ ഇറാന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ഇറാന്റെ തിരിച്ചടി ഭയന്ന് ഇസ്രയേലില്‍ രാജ്യമെമ്പാടും വ്യോമാക്രമണ മുന്നറിയിപ്പ് നല്കുന്ന സൈറണുകള്‍ മുഴങ്ങുകയാണ്. ജനങ്ങള്‍ ബങ്കറുകളിലേക്ക് മാറണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രയേല്‍ ഭരണകൂടം അറിയിച്ചു. യുഎസ് യുദ്ധക്കപ്പലുകളും അത്യാധുനിക യുദ്ധവിമാനങ്ങളും നേരത്തെ തന്നെ മേഖലയില്‍ നിലയുറപ്പിച്ചിരുന്നതിനാല്‍, വരും മണിക്കൂറുകളില്‍ വലിയ തോതിലുള്ള സൈനിക ഏറ്റുമുട്ടലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.
