മുംബൈ : ഇന്ത്യ വിദേശ ഇടപെടലുകൾ നടത്തുന്നു എന്ന ആരോപണം തള്ളിക്കളഞ്ഞ് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് കെ പട്നായിക്. മുംബൈയിൽ വെച്ച് നടന്ന കാനഡയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനിടെയായിരുന്നു പ്രസ്താവന. ഇന്ത്യ ഒരിക്കലും കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും അത്തരം ആരോപണങ്ങളിൽ വസ്തുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി, ഇന്ത്യ ഇപ്പോൾ വിദേശ ഇടപെടലുകളിൽ ഏർപ്പെടുന്നില്ലെന്ന് കനേഡിയൻ ഉദ്യോഗസ്ഥർ സൂചിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് ജസ്റ്റിൻ ട്രൂഡോ സർക്കാരും രഹസ്യാന്വേഷണ ഏജൻസികളും ഉന്നയിച്ച ആരോപണങ്ങളെ പട്നായിക് പൂർണ്ണമായും നിഷേധിച്ചു.

അതേസമയം, കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഈ വിഷയത്തിൽ നേരിട്ടുള്ള മറുപടി നൽകാൻ തയ്യാറായില്ല. കാനഡയുടെ പൊതുസുരക്ഷയിൽ ഒരു രാജ്യത്തിനും പ്രത്യേക ഇളവുകൾ നൽകില്ലെന്നും വിദേശ ഇടപെടലുകളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും അവർ പറഞ്ഞു. സിഖ് വംശജരുടെ ആശങ്കകൾ തനിക്ക് മനസ്സിലാകുമെന്നും ഇന്ത്യൻ നയതന്ത്രജ്ഞരുമായുള്ള ചർച്ചകളിൽ ഈ വിഷയങ്ങൾ ഉന്നയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ഇന്ത്യ ഇടപെടൽ നിർത്തലാക്കിയെന്ന ഉദ്യോഗസ്ഥരുടെ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അവർ വ്യക്തമായ ഉത്തരം നൽകിയില്ല. ചില ലിബറൽ എംപിമാരും മുൻ സുരക്ഷാ ഉപദേഷ്ടാക്കളും ഉദ്യോഗസ്ഥരുടെ ഈ പുതിയ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
