വാഷിങ്ടൺ: അമേരിക്കൻ-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ ജനങ്ങൾക്കും അമേരിക്കയ്ക്കും ലോകമെമ്പാടുമുള്ള നിരപരാധികൾക്കും ലഭിച്ച നീതിയാണിതെന്ന് ട്രംപ് വ്യക്തമാക്കി. അത്യാധുനിക ട്രാക്കിങ് സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഖമനയിയോടൊപ്പം മറ്റ് ഉന്നത നേതാക്കളും വധിക്കപ്പെട്ടതായും ട്രംപ് വ്യക്തമാക്കി. ഖമനയിയുടെ വസതി തകർക്കപ്പെട്ടതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇറാന്റെ സൈനിക കേന്ദ്രങ്ങളിലും മിസൈൽ താവളങ്ങളിലും യുഎസ്-ഇസ്രയേൽ സൈന്യം ശക്തമായ ബോംബാക്രമണം തുടരുകയാണ്. ഇതിനോടകം 200-ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിന് തിരിച്ചടിയായി ദുബായ്, ദോഹ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർക്കുന്നതുവരെ ഈ ‘മാസീവ് ഓപ്പറേഷൻ’ തുടരുമെന്ന് ട്രംപ് അറിയിച്ചു.

തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഇറാന്റെ ചരിത്രപരമായ അവസരമാണിതെന്ന് ട്രംപ് ഇറാനിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇറാന്റെ സൈന്യവും പോലീസും ഉടൻ തന്നെ പ്രക്ഷോഭകാരികളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുകയാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യമെന്നും, ലഹള അവസാനിപ്പിക്കുന്ന സൈനികർക്ക് സംരക്ഷണം നൽകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
