ടെൽ അവീവ്: പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇസ്രയേലിനെതിരായ ആക്രമണം കടുപ്പിച്ച് ഇറാൻ. ഇസ്രയേലിലെ ബെയ്ത്ത് ഷെമെഷ് നഗരത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 27 പേർക്ക് പരുക്കേറ്റു. ജറുസലേമിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന ബെയ്ത്ത് ഷെമെഷ്. മെഡിക്കൽ സംഘങ്ങളും ഹെലികോപ്ടർ സേവനങ്ങളും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. നഗരത്തിലെ ജനവാസ മേഖലയിലാണ് മിസൈൽ പതിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. മദ്ധ്യേഷ്യയിലെ യു.എസിന്റെ 27 സൈനിക താവളങ്ങളിലും ടെൽ അവീവിലെ ഇസ്രയേൽ സൈനിക കേന്ദ്രങ്ങളിലും ഇറാൻ ആക്രമണം നടത്തി എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ഖത്തർ, യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ എന്നിവയുൾപ്പെടെ നിരവധി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഇസ്രയേൽ, യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണം. കുവൈത്തിൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർ അൽഅദാൻ ആശുപത്രിയിൽ ചികിത്സയിലാണ്.
