ടൊറന്റോ: തോൺഹില്ലിൽ ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജിമ്മിന് നേരെ വെടിവെപ്പ്. ഞായറാഴ്ച പുലർച്ചെ ഇറാനിയൻ പതാകകളും പോസ്റ്ററുകളും പതിച്ചിരുന്ന സാലിവൻ ബോക്സിംഗ് ജിമ്മിന് നേരെയാണ് വെടിവെപ്പുണ്ടായത് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ യോങ് സ്ട്രീറ്റിനും സ്റ്റീൽസ് അവന്യൂ വെസ്റ്റിനും സമീപം വെടിവെയ്പ്പ് നടന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

സംഭവം നടക്കുമ്പോൾ കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ ജിമ്മിന്റെ മുൻവശത്തെ ജനാലകൾ തകരുകയും കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊരു ആസൂത്രിതമായ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണെങ്കിലും അക്രമികളെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
