ന്യൂഡല്‍ഹി: യുഎഇയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ പ്രസിഡന്റും തന്റെ സഹോദരനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാനുമായി സംസാരിച്ചെന്ന് മോദി എക്സില്‍ കുറിച്ചു. യുഎഇയില്‍ ഉണ്ടായ ആക്രമണത്തില്‍ ശക്തമായി അപലപിച്ചു. ആക്രമണങ്ങളില്‍ യുഎഇയില്‍ ഉണ്ടായ ജീവഹാനിയിൽ വേദന പങ്കുവച്ചെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

കൂടാതെ യുഎഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന് സംരക്ഷണം ഒരുക്കിയതിന് യുഎഇ ഭരണകൂടത്തിന് നന്ദി അറിയിച്ചെന്നും ഇന്ത്യ പ്രദേശത്തെ സമാധാനം, സുരക്ഷ, സ്ഥിരത, സംഘര്‍ഷ സാധ്യത ഒഴിവാക്കുക എന്നിവയെ പിന്തുണയ്ക്കുന്നുവെന്നും മോദി എക്സില്‍ കുറിച്ചു.
യുഎഇയിലെ ഇറാന്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാൻ , നേപ്പാള്‍, ബംഗ്ലദേശ് സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 58 പേര്‍ക്ക് പരിക്കേറ്റു. 20 ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധിച്ചതായി യുഎഇ അവകാശപ്പെട്ടു. 21 ഡ്രോണുകള്‍ സിവിലിയന്‍ കേന്ദ്രങ്ങളില്‍ പതിച്ചു. രണ്ട് ദിവസത്തിനിടെ നേരിട്ട 541 ഡ്രോണുകളില്‍ 311 എണ്ണത്തെ പ്രതിരോധിച്ചു. 165 ബാലിസ്റ്റിക് മിസൈലുകളെയും രണ്ട് ക്രൂയിസ് മിസൈലുകളെയും നേരിട്ടതായി യുഎഇ പറഞ്ഞു.
