ഓട്ടവ: ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന വ്യോമാക്രമണങ്ങളെത്തുടർന്ന് കാനഡയിൽ നിലവിൽ സുരക്ഷാ ഭീഷണികളില്ലെന്ന് പൊലീസ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖല സംഘർഷഭരിതമാണ്. യുഎസ് നടപടിയെ കാനഡ പിന്തുണയ്ക്കുന്നുണ്ടെങ്കിലും നേരിട്ട് യുദ്ധത്തിൽ പങ്കാളികളാകില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. രാജ്യത്ത് പ്രത്യേക ഭീഷണികൾ നിലവിലില്ലെങ്കിലും അന്താരാഷ്ട്ര സാഹചര്യങ്ങൾ മുൻനിർത്തി ജാഗ്രത പാലിക്കാൻ കനേഡിയൻ പൊലീസ് അസോസിയേഷൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
തിരിച്ചടിയായി ഇസ്രയേലിനും ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചു. അബുദാബിയിലെ സായിദ് വിമാനത്താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ദുബായ്, കുവൈറ്റ് വിമാനത്താവളങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മേഖലയിലെ വ്യോമപാതകൾ ഭൂരിഭാഗവും അടച്ചു. ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. 1,800-ലധികം വിമാന സർവീസുകൾ ഇതിനോടകം റദ്ദാക്കി കഴിഞ്ഞു.

യാത്രാ തടസ്സങ്ങളെത്തുടർന്ന് എയർ കാനഡ ടെൽ അവീവ്, ദുബായ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിലും നിരവധി സർവീസുകൾ തടസ്സപ്പെട്ടു. ഇറാൻ, ഇറാഖ്, ഇസ്രയേൽ, യുഎഇ, ഖത്തർ തുടങ്ങി പത്തിലധികം പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ കാനഡ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകി. സൗദി അറേബ്യ, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾക്കും വിലക്കുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.
