ന്യൂഡൽഹി: ഇറാനും യുഎസ്-ഇസ്രയേൽ സഖ്യവും തമ്മിലുള്ള സൈനിക സംഘർഷത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ കാനഡ. ഇറാനിലെ ഇസ്രയേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് കൃത്യമായ ഉത്തരം നൽകിയില്ല. പ്രധാനമന്ത്രി മാർക്ക് കാർണി വാർത്താസമ്മേളനം റദ്ദാക്കിയതിനെത്തുടർന്ന് ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് ഇടയാക്കിയ ശനിയാഴ്ചത്തെ വൻ സൈനിക നീക്കത്തിൽ കാനഡയ്ക്ക് പങ്കില്ലെന്ന് അനിത ആനന്ദ് വ്യക്തമാക്കി. ആക്രമണത്തെക്കുറിച്ച് കാനഡയ്ക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നും ഒരു തരത്തിലുള്ള സൈനിക നടപടികളിലും രാജ്യം പങ്കുചേരില്ലെന്നും അവർ കൂട്ടിച്ചേർത്തു. എത്രയും വേഗം നയതന്ത്രപരമായ പരിഹാരമുണ്ടാകാനാണ് കാനഡ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഇറാന്റെ ആണവപദ്ധതികളെ തടയാനുള്ള അമേരിക്കയുടെ നീക്കങ്ങളെ കാനഡ പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണിയും അനിത ആനന്ദും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ശനിയാഴ്ച നടന്ന ആക്രമണത്തെ പ്രതിരോധ നടപടി എന്ന നിലയിലാണ് കാനഡ കാണുന്നത്. എങ്കിലും ആക്രമണത്തിന്റെ നിയമസാധുതയെക്കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്താൻ സർക്കാർ തയ്യാറായിട്ടില്ല.
