സാൻ്റോ ഡൊമിംഗോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൽ കനേഡിയൻ പൗരന്മാർ ഉൾപ്പെട്ടതായി സ്ഥിരീകരണം. ഞായറാഴ്ച രാത്രി കരീബിയനിലുണ്ടായ അപകടത്തെത്തുടർന്ന് പൗരന്മാർക്ക് ആവശ്യമായ നയതന്ത്ര സഹായങ്ങൾ നൽകി വരികയാണെന്ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ കനേഡിയൻ എംബസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. എന്നാൽ ബസ്സിൽ എത്ര കനേഡിയൻ പൗരന്മാർ ഉണ്ടായിരുന്നുവെന്നോ അവരുടെ നിലവിലെ ആരോഗ്യസ്ഥിതി എങ്ങനെയെന്നോ ഉള്ള കൃത്യമായ വിവരങ്ങൾ എംബസി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പുന്ത കാനയിലെ പ്രശസ്തമായ റിസോർട്ട് മേഖലയിൽ നിന്നും ഏകദേശം ഒരു മണിക്കൂർ യാത്രാദൂരമുള്ള കുമായസയ്ക്ക് സമീപമാണ് അപകടം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും കുറഞ്ഞത് 19 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മരിച്ചവർ വിദേശ പൗരന്മാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവർ ഏത് രാജ്യക്കാരാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.സഹായം ആവശ്യമുള്ള കനേഡിയൻ പൗരന്മാർ അടിയന്തര പ്രതികരണ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് എംബസി നിർദ്ദേശിച്ചിട്ടുണ്ട്.
