റിയാദ്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (GCC) അംഗരാജ്യങ്ങള്‍ക്ക് നേരെ ഇറാന് നടത്തുന്ന തുടര്‍ച്ചയായ അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ജിസിസി മന്ത്രിതല കൗണ്‍സില്‍. ജനവാസ മേഖലകളെയും സിവിലിയന്‍ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറുകളുടെയും നഗ്നമായ ലംഘനമാണെന്ന് കൗണ്‍സില്‍ വിലയിരുത്തി. ഏതെങ്കിലും ഒരു അംഗരാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണം, മുഴുവന്‍ ജിസിസി രാജ്യങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള വെല്ലുവിളിയായി കണക്കാക്കുമെന്ന് സമിതി പ്രഖ്യാപിച്ചു.
വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന നിര്‍ണ്ണായക യോഗത്തില്‍ സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന് ഉള്‍പ്പെടെയുള്ള ജിസിസി വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്തു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ആക്രമണങ്ങള്‍ മേഖലയുടെ സമാധാനം പൂര്‍ണ്ണമായും തകര്‍ത്തിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 പ്രകാരം, ഇത്തരം കടന്നുകയറ്റങ്ങളെ നേരിടാനും സ്വയം പ്രതിരോധിക്കാനുമുള്ള നിയമപരമായ അവകാശം തങ്ങള്‍ക്കുണ്ടെന്ന് ജിസിസി ആവര്‍ത്തിച്ചു വ്യക്തമാക്കി.

മേഖലയിലെ സമാധാനവും സ്ഥിരതയും വീണ്ടെടുക്കുന്നതിന് ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തലാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും സേവന കേന്ദ്രങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ വരുത്തിവെച്ച ഭൗതിക നഷ്ടങ്ങളെക്കുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്തു. ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സംയുക്ത പ്രതിരോധ നീക്കങ്ങള്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.
