Monday, March 2, 2026

‘ഇറാൻ അനുകൂലികളെ നിരീക്ഷിക്കണം’; രാജ്യമെമ്പാടും സുരക്ഷാ ജാഗ്രതയിൽ ഇന്ത്യ

ന്യൂഡൽഹി: ഇറാനെതിരായ ഇസ്രായേൽ-യുഎസ് ആക്രമണം പശ്ചിമേഷ്യയിൽ വലിയ സംഘർഷത്തിന് വഴിവെച്ച പശ്ചാത്തലത്തിൽ ഭാരതത്തിൽ സുരക്ഷാ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇറാൻ അനുകൂല തീവ്ര നിലപാടുകൾ സ്വീകരിക്കുന്നവരെയും പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നവരെയും കർശനമായി നിരീക്ഷിക്കാൻ ഫെബ്രുവരി 28-ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു. വിദ്വേഷ പ്രവർത്തനങ്ങൾ തടയുന്നതിനും ആഗോള ഭീകര സംഘടനകളുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ നിരീക്ഷിക്കുന്നതിനും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.

രാജ്യത്തെ ക്രമസമാധാന നില തകരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആഗോള സാഹചര്യങ്ങൾ ആഭ്യന്തര പ്രശ്നങ്ങൾക്ക് കാരണമാകുന്നത് തടയണമെന്നും കേന്ദ്രം വ്യക്തമാക്കി. അമേരിക്കൻ, ഇസ്രയേൽ എംബസികൾ, കോൺസുലേറ്റുകൾ, മറ്റ് വിദേശ നയതന്ത്ര കാര്യാലയങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക സർക്കുലർ നൽകി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും സമാധാനവും ശാന്തിയും നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഷിയാ മുസ്ലീം വിഭാഗങ്ങൾ നടത്തിയ ഈ പ്രതിഷേധങ്ങൾ ജമ്മു കശ്മീർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സംഘർഷഭരിതമാകുകയും ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യമെമ്പാടും സുരക്ഷാ ഏജൻസികൾ നിരീക്ഷണം കർശനമാക്കാൻ തീരുമാനിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!