Monday, March 2, 2026

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കാനഡയിൽ ഇന്ധനവില കുതിച്ചുയർന്നു

ഓട്ടവ: അമേരിക്കയും ഇസ്രയേലും ഇറാനെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങൾ ആഗോള എണ്ണവിപണിയിൽ കനത്ത ആഘാതം സൃഷ്ടിച്ചതോടെ കാനഡയിലെ നഗരങ്ങളിൽ ഇന്ധനവില കുതിച്ചുയരുന്നു. തിങ്കളാഴ്ച ഉച്ചയോടെയുള്ള കണക്കുകൾ പ്രകാരം കാനഡയിലെ ശരാശരി ഇന്ധനവില ലിറ്ററിന് 135.8 സെന്റിലെത്തിയതായി പ്രൈസ് ട്രാക്കറായ Gasbuddy.com റിപ്പോർട്ട് ചെയ്തു. ഇത് കഴിഞ്ഞ ഞായറാഴ്ചയേക്കാൾ 1.7 സെന്റും കഴിഞ്ഞ ആഴ്ചയിലെ ശരാശരിയേക്കാൾ 4.2 സെന്റും കൂടുതലാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ആറ് ശതമാനത്തോളം വർധിച്ച് ബാരലിന് 71 യുഎസ് ഡോളറിലെത്തിയത് വിലക്കയറ്റത്തിന് ആക്കം കൂട്ടി.

കാനഡയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധനവിലയിൽ പ്രകടമായ വർധനയുണ്ട്. ടൊറന്റോയിൽ ഞായറാഴ്ചയേക്കാൾ 5.8 സെന്റ് വർധിച്ച് ശരാശരി വില 135.2 സെന്റിലെത്തി. വൻകൂവറിൽ 4.1 സെന്റും മൺട്രിയോളിൽ 2.3 സെന്റും വർധന രേഖപ്പെടുത്തിയപ്പോൾ കാൽഗറിയിൽ വില മാറ്റമില്ലാതെ തുടർന്നു. ഉപഭോക്താക്കൾ നൽകുന്ന ഇന്ധനവിലയുടെ 41 ശതമാനത്തോളം ക്രൂഡ് ഓയിലിന്റെ വിലയാണെന്നും ബാക്കി തുക നികുതി, റിഫൈനിങ് , വിതരണം എന്നിവയ്ക്കായി ചെലവാകുന്നതാണെന്നും കനേഡിയൻ ഫ്യൂവൽസ് അസോസിയേഷൻ വ്യക്തമാക്കി.

ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പേർഷ്യൻ ഗൾഫിലെ ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. സാധാരണ ദിവസങ്ങളിൽ 60 ടാങ്കറുകൾ കടന്നുപോയിരുന്ന ഈ പാതയിലൂടെ കഴിഞ്ഞ ഞായറാഴ്ച വെറും അഞ്ച് ടാങ്കറുകൾ മാത്രമാണ് സഞ്ചരിച്ചതെന്ന് S&P Global Energy ചൂണ്ടിക്കാട്ടുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ വിതരണ തടസ്സത്തിനാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ ഇന്ധനവില ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം ഒരു ആഴ്ചയിലധികം നീണ്ടുനിന്നാൽ അത് ആഗോള സാമ്പത്തിക വിപണിയെയും എണ്ണവിലയെയും അഭൂതപൂർവമായ രീതിയിൽ ബാധിക്കുമെന്ന് എസ് ആന്റ് പി ഗ്ലോബൽ ക്രൂഡ് ഓയിൽ റിസർച്ച് മേധാവി ജിം ബുർഖാർഡ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!