ടെൽ അവീവ്: ഇറാനുമായുള്ള രൂക്ഷമായ സംഘർഷം തുടരവെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നരേന്ദ്രമോദിയോട് സംസാരിച്ചുവെന്നും ഇസ്രയേലിനൊപ്പം നിൽക്കുന്നതിന് അദ്ദേഹത്തെ നന്ദി അറിയിച്ചുവെന്നും നെതന്യാഹു പറഞ്ഞു. ഇറാന്റെ മിസൈൽ ആക്രമണമുണ്ടായ ഇസ്രയേലിലെ ബെയ്ത്ത് ഷെമേഷിൽ വെച്ച് എൻഡിടിവിയോട് സംസാരിക്കുകയായിരുന്നു നെതന്യാഹു.

‘എന്റെ പ്രിയസുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിച്ചു. കഴിഞ്ഞദിവസം അദ്ദേഹവുമായി ദീർഘമായ സംഭാഷണം നടത്തി. ഇസ്രയേലിനൊപ്പം നിൽക്കുന്നതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞു. സത്യത്തിന്റെ കൂടെ നിൽക്കുന്നതിന്, ഒപ്പം ഇന്ത്യയിലെ ജനങ്ങളുടെ സൗഹൃദത്തിനും. അവർ ഇസ്രയേലിൽ വളരെയധികം സ്‌നേഹിക്കപ്പെടുന്നു. മോദിയുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങൾ ഞാൻ പറയുന്നില്ല; പക്ഷേ ഞാൻ അദ്ദേഹവുമായി സംസാരിച്ചു. മേഖലയിലും പുറത്തുമുള്ള മറ്റ് ഒരുപാട് നേതാക്കളുമായും ഞാൻ സംസാരിച്ചു,’ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഇസ്രയേലും യുഎസ്സും ഇറാനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ സന്ദർശിച്ചത്. സന്ദർശനത്തിനിടെ ഇസ്രയേലി പാർലമെന്റിൽ മോദി പ്രസംഗിച്ചിരുന്നു. കൂടാതെ നിരവധി കരാറുകളിൽ ഇന്ത്യയും ഇസ്രയേലും ഒപ്പുവെച്ചു. ഇന്ത്യയുടെ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനമായ യുപിഐ ഇസ്രയേലിൽ ഉപയോഗിക്കുന്നതിനുള്ള കരാറിലെത്തിയെന്ന് അന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു.
