വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നീക്കം ഏകദേശം നാലാഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ സൈനികരുടെ മരണത്തിന് ശക്തമായ ‘പ്രതികാരം’ വീട്ടുമെന്നും ഇറാന് ഭരണകൂടത്തിന് രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രഹരം നല്‍കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. ഒരു പ്രമുഖ യുഎസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ യുദ്ധതന്ത്രം വെളിപ്പെടുത്തിയത്. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ നാലാഴ്ചയോ അതില്‍ കുറവോ സമയം മതിയെന്നും, വരുംതലമുറയുടെ സുരക്ഷ ഉറപ്പാക്കാനുള്ള വലിയ ദൗത്യമാണ് അമേരിക്ക ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനിലെ നിശ്ചിത കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള പോരാട്ടം അതിവേഗം മുന്നേറുന്നതായാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തല്‍. ഒറ്റയടിക്ക് 58 ഇറാന് നേതാക്കളെ വധിച്ചതായും തെഹ്റാന്റെ ഹൃദയഭാഗങ്ങളില്‍ അതിശക്തമായ പ്രഹരമേല്‍പ്പിച്ചതായും ട്രംപ് അവകാശപ്പെട്ടു. വരും ദിവസങ്ങളില്‍ ആക്രമണത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുമെന്നും തന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ പിന്നോട്ടില്ലെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി. ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും ശക്തവുമായ സൈനിക നീക്കമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

അതിനിടെ, ഇറാന്റെ കരുത്തായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (IRGC) ആസ്ഥാനം തകര്‍ത്തതായി അമേരിക്കന്‍ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ 47 വര്‍ഷത്തിനിടയില്‍ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഉത്തരവാദികള്‍ ഐആര്‍ജിസി ആണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആരോപിച്ചു. ഐആര്‍ജിസിയുടെ ആസ്ഥാനം തകര്‍ത്തത് ഇറാന്റെ പ്രതിരോധ സംവിധാനങ്ങളുടെ നട്ടെല്ലൊടിക്കുമെന്നാണ് പെന്റഗണിന്റെ കണക്കുകൂട്ടല്‍. മേഖലയില്‍ സംഘര്‍ഷം പാരമ്യത്തിലെത്തിനില്‍ക്കെ, ട്രംപിന്റെ പ്രസ്താവനകള്‍ ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
