ടൊറൻ്റോ : നോർത്ത് യോർക്കിൽ രണ്ടു സിനഗോഗുകൾക്ക് നേരെ വെടിവെപ്പ് ഉണ്ടായതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. രാത്രി 10:49നായിരുന്നു ആദ്യ വെടിവെപ്പ് നടന്നത്. ബേവ്യൂ അവന്യൂവിനും ഹൈവേ 401 നും സമീപമുള്ള 120 ഓൾഡ് കോളനി റോഡിൽ സ്ഥിതി ചെയ്യുന്ന ടെമ്പിൾ ഇമ്മാനു-എൽ സിനഗോഗിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. വിവരമറിഞ്ഞ് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ സിനഗോഗിന്‍റെ മുൻവശത്തെ ജനാലകളിൽ നിരവധി വെടിയുണ്ടകളുടെ ദ്വാരങ്ങൾ കണ്ടെത്തി. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം തുടരുന്നു.

ടെമ്പിൾ ഇമ്മാനു-എലിൽ വെടിവെപ്പ് നടന്ന് അല്പ സമയത്തിന് ശേഷം സമീപത്തുള്ള മറ്റൊരു സിനഗോഗ് ആയ കെഹില്ലത്ത് ഷാരെയ് തോറയ്ക്ക് നേരെയും വെടിവപ്പ് നടന്നതായി റിപ്പോർട്ട് ലഭിച്ചു. സിനഗോഗിന്‍റെ ജനാലകളിൽ നിരവധി വെടിയുണ്ടകളുടെ ദ്വാരങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.
രണ്ടു വെടിവെപ്പുകളും തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ഇരുവെടിവെപ്പുകളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമായവർ 416-808-3300 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.
