Wednesday, March 4, 2026

ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പൽ മുങ്ങി; 148 നാവികരെ കാണാതായി

കൊളംബോ: ശ്രീലങ്കൻ തീരത്ത് ഇറാനിയൻ നാവികസേനയുടെ ‘ഐറിസ് ഡെന’ എന്ന യുദ്ധക്കപ്പൽ തകർന്ന് മുങ്ങിയതായി റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ ഗാലിന് 40 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് 180 ജീവനക്കാരുമായി സഞ്ചരിച്ച കപ്പൽ അപകടത്തിൽപ്പെട്ടത്. വിവരം ലഭിച്ച ഉടൻ ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ 32 നാവികരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കപ്പലിലുണ്ടായിരുന്ന 148 പേർക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്. അപകടസ്ഥലത്തുനിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായി നാവികസേനാ വക്താവ് സ്ഥിരീകരിച്ചു.

കപ്പലിൽ അന്തർവാഹിനി ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം ഇത് ഔദ്യോഗികമായി നിഷേധിച്ചു. കപ്പലിൽ സ്ഫോടനം നടന്നതായി ജീവനക്കാർ അപായസന്ദേശം നൽകിയിരുന്നെങ്കിലും അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മറ്റൊരു രാജ്യത്തിന്റെ സൈന്യവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടാൻ ശ്രീലങ്കൻ അധികൃതർ തയ്യാറായിട്ടില്ല. പരുക്കേറ്റവർക്ക് ആശുപത്രിയിൽ അടിയന്തര ചികിത്സയിലാണ്.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അന്താരാഷ്ട്ര സമുദ്രപാതകളെ പ്രക്ഷുബ്ധമാക്കിയ സാഹചര്യത്തിലാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്. യുഎസ്-ഇസ്രയേൽ നീക്കങ്ങളും ഇറാന്റെ തിരിച്ചടിയും മേഖലയിൽ യുദ്ധഭീതി വർധിപ്പിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ഇതിനിടെ മുന്നറിയിപ്പ് നൽകി. അതേസമയം, ആഗോള എണ്ണക്കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്കൻ നാവികസേന സജ്ജമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!