ടൊറന്റോ: ടൊറന്റോ മുൻ മേയർ ജോൺ ടോറി വരാനിരിക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2023-ൽ ഓഫിസിലെ ഒരു ജീവനക്കാരിയുമായുള്ള അനുചിതമായ ബന്ധം പുറത്തായതിനെത്തുടർന്ന് അദ്ദേഹം മേയർ സ്ഥാനം രാജിവച്ചിരുന്നു. വീണ്ടും രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാൻ തനിക്ക് താൽപ്പര്യവും ഊർജ്ജവുമുണ്ടെങ്കിലും, തന്റെ വ്യക്തിജീവിതത്തെ ചൊല്ലിയുണ്ടാകാൻ സാധ്യതയുള്ള രാഷ്ട്രീയ ആക്രമണങ്ങളിൽ നിന്ന് കുടുംബത്തെ സംരക്ഷിക്കാനാണ് ഈ തീരുമാനമെടുത്തതെന്ന് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നേരിട്ടു തുടങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ താൻ വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നതായി ടോറി വെളിപ്പെടുത്തി. എന്നാൽ തന്റെ തീരുമാനം പ്രിയപ്പെട്ടവർക്ക് ഉണ്ടാക്കിയേക്കാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പിന്മാറുകയായിരുന്നു. 2014-ൽ ആദ്യമായി ടൊറന്റോ മേയറായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2018-ലും 2022-ലും വീണ്ടും വിജയിച്ചു. കോവിഡ് മഹാമാരിക്കാലത്ത് തന്റെ ഓഫിസിലെ ജീവനക്കാരിയുമായി ഉണ്ടായ ബന്ധം പരസ്യമായി സമ്മതിച്ചുകൊണ്ടാണ് 2023 ഫെബ്രുവരിയിൽ അദ്ദേഹം രാജിവച്ചത്. അന്ന് താൻ ചെയ്ത തെറ്റിന് ഉത്തരവാദിത്തം ഏറ്റെടുത്താണ് സ്ഥാനമൊഴിഞ്ഞതെന്നും എന്നാൽ പലരും വെളിപ്പെടുത്താത്ത ഇത്തരം ബന്ധങ്ങൾ ഇന്നും ഓഫിസുകളിൽ തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
