ടൊറൻ്റോ : പിയേഴ്സൺ എയർപോർട്ടിൽ എത്തിയ വ്യക്തിക്ക് അഞ്ചാംപനി ബാധിച്ചിരുന്നതായി ടൊറൻ്റോ പബ്ലിക് ഹെൽത്ത് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 22-ന് ഏവിയങ്ക ഫ്ലൈറ്റ് AV570-ൽ ഗ്വാട്ടിമാല സിറ്റിയിൽ നിന്ന് സാൻ സാൽവഡോറിലേക്കും തുടർന്ന് ഏവിയങ്ക ഫ്ലൈറ്റ് AV324-ൽ സാൻ സാൽവഡോറിൽ നിന്നും ടൊറൻ്റോയിലേക്കും അഞ്ചാംപനി ബാധിതനായ വ്യക്തി യാത്ര ചെയ്തു.

ഫെബ്രുവരി 22-ന് ഉച്ചയ്ക്ക് 1:40 മുതൽ വൈകുന്നേരം 4:10 വരെ വിമാനത്താവളത്തിലെ ടെർമിനൽ 1 അറൈവലിലും അണുബാധിതനായ വ്യക്തി ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് എയർപോർട്ടിലോ ടെർമിനൽ 1 അറൈവലിലോ ഉണ്ടായിരുന്നവർ അഞ്ചാംപനി പ്രതിരോധത്തിനുള്ള വാക്സിനേഷൻ രേഖകൾ പരിശോധിക്കുകയും മാർച്ച് 15 ഞായറാഴ്ച വരെ ലക്ഷണങ്ങൾ നിരീക്ഷിക്കുകയും വേണം. മീസിൽസ് വാക്സിനേഷൻ രണ്ടു ഡോസ് എടുക്കാത്തവർക്ക് അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പനി, മൂക്കൊലിപ്പ്, ചുമ, കണ്ണുകൾക്ക് ചുവപ്പ് നിറം, മുഖത്ത് ആരംഭിച്ച് ശരീരത്തിലുടനീളം പടരുന്ന ചുവന്ന ചുണങ്ങു, വായയുടെയും തൊണ്ടയുടെയും ഉള്ളിൽ പ്രത്യക്ഷപ്പെടാവുന്ന ചെറിയ നീല-വെളുത്ത പാടുകൾ (കോപ്ലിക് പാടുകൾ) എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടാം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ ബന്ധപ്പെടുക.
