എഡ്മിന്റൻ: കാനഡയിൽ ഇത്തവണത്തെ ഇൻഫ്ലുവൻസ സീസൺ അതീവ ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെമ്പാടുമുള്ള ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആൽബർട്ട പ്രവിശ്യയിൽ മാത്രം ഈ സീസണിൽ ഇതുവരെ 255 പേർ പനി ബാധിച്ച് മരിച്ചതായി പ്രവിശ്യാ ഭരണകൂടം വ്യക്തമാക്കി. 2024-25 സീസണിൽ 236 മരണങ്ങളും അതിന് മുൻപത്തെ വർഷം 171 മരണങ്ങളുമാണ് രേഖപ്പെടുത്തിയിരുന്നത്.
വാക്സിനിലെ അപാകതകളും പടരുന്ന വൈറസിന്റെ തീവ്രതയുമാണ് ഇത്തവണത്തെ സ്ഥിതി വഷളാക്കിയതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇൻഫ്ലുവൻസ എ (H3N2) എന്ന വകഭേദമാണ് ഇപ്പോൾ പടരുന്നത്. ഇത് മറ്റ് വൈറസുകളെ അപേക്ഷിച്ച് കൂടുതൽ അപകടകാരിയാണെന്ന് ടൊറന്റോ ജനറൽ ഹോസ്പിറ്റലിലെ അധികൃതർ പറഞ്ഞു. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ പലയിടങ്ങളിലും ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങൾ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്.

രാജ്യവ്യാപകമായി പനി ബാധിക്കുന്നവരുടെ നിരക്ക് കുറഞ്ഞുതുടങ്ങിയെങ്കിലും ആൽബർട്ടയിൽ ഇപ്പോഴും രോഗവ്യാപനം ഉയർന്ന തോതിൽ തന്നെ തുടരുന്നു. കൃത്യമായ വാക്സിനേഷൻ ക്യാംപയിനുകളുടെ അഭാവമാണ് മരണനിരക്ക് കൂടാൻ കാരണമെന്ന് പ്രതിപക്ഷം വിമർശിച്ചു. ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ വിഭവങ്ങൾ ലഭ്യമാക്കണമെന്നും വരും വർഷങ്ങളിലും ഇതേ സാഹചര്യം തുടർന്നാൽ ചികിത്സാ സംവിധാനം തകരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
