വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയിലെ ഗ്രനൈൽ (Granisle) റൂറൽ ഏരിയയിൽ കുടിവെള്ളത്തിൽ അലുമിനിയം കലർന്നതിനെത്തുടർന്ന് അധികൃതർക്കെതിരെ നിയമനടപടി. 2024 മുതൽ പ്രദേശത്തെ ജലവിതരണത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതായും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതായും ചൂണ്ടിക്കാട്ടി റിയാന സ്ട്രൈഡ് എന്ന യുവതിയാണ് കോടതിയെ സമീപിച്ചത്. ഗ്രനൈലിലെ ഭരണകൂടത്തിനും വാട്ടർ ട്രീറ്റ്മെന്റ് കമ്പനിക്കുമെതിരെയാണ് ക്ലാസ്-ആക്ഷൻ ഹർജി നൽകിയിരിക്കുന്നത്.
2024 ജൂണിൽ വാട്ടർ പ്ലാന്റിലുണ്ടായ പവർ സർജിനെത്തുടർന്ന് ശുദ്ധീകരണ പ്രക്രിയയിൽ ഉപയോഗിക്കുന്ന രാസവസ്തു ചോർന്നതാണ് വെള്ളം മലിനമാകാൻ കാരണമെന്നാണ് സൂചന. അനുവദനീയമായതിലും മൂന്നിരട്ടിയിലധികം അലുമിനിയം വെള്ളത്തിൽ കണ്ടെത്തിയിട്ടും അധികൃതർ വിവരം മറച്ചുവെച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. 2025 ഡിസംബറിലാണ് ഗ്രനൈൽ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചത്. നിലവിൽ പ്രദേശവാസികൾ കുപ്പിവെള്ളത്തെയാണ് ആശ്രയിക്കുന്നത്.

ദീർഘകാലം ഉയർന്ന അളവിൽ അലുമിനിയം ശരീരത്തിലെത്തുന്നത് വിറയൽ, ഓർമ്മക്കുറവ്, ഛർദ്ദി തുടങ്ങിയ നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഏകദേശം നാനൂറോളം പേർ ഈ ഹർജിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. എന്നാൽ കേസ് കോടതിയിലായതിനാൽ നിലവിൽ പ്രതികരിക്കാനില്ലെന്ന് അധികൃതർ അറിയിച്ചു.
