Thursday, March 5, 2026

ജസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെപോയ കാര്‍ ഓടിച്ചത് യുവഡോക്ടര്‍

കൊച്ചി: അങ്കമാലിയിൽ കോളജ് വിദ്യാർഥിനി ജസ്‌ലിയയെ കാറിടിച്ച് വീഴ്ത്തി നിർത്താതെ പോയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ചാലാക്ക മെഡിക്കൽ കോളജിൽ എംബിബിഎസ് പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോർജാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സിറിയക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

അപകടസമയത്ത് സിറിയക്കിനൊപ്പം കാറിലുണ്ടായിരുന്ന സഹപാഠി അക്ഷയ് കഴിഞ്ഞ ദിവസം അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. എന്നാൽ, കാർ ഓടിച്ചിരുന്ന സിറിയക് ജോർജിനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ പൊലീസിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ശനിയാഴ്ച ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ജസ്‌ലിയയെ കാറിടിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ജസ്‌ലിയ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. മരണാനന്തരം ജസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.

പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മോർണിങ് സ്റ്റാർ കോളജിലെ വിദ്യാർഥിനികൾ അങ്കമാലി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വിദ്യാർഥിനികൾക്കൊപ്പം യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്‌ഐ, എഐവൈഎഫ് തുടങ്ങിയ സംഘടനകളും സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് സമരം നടത്തി. പ്രതിയെ സംരക്ഷിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സിറിയക്കിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും ഉടൻ പിടികൂടുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!